മാൾഡ: കുഞ്ഞിന് ജന്മം നൽകി അഞ്ച് മണിക്കൂർ പൂർത്തിയാകും മുമ്പ് അമ്മ ബോർഡ് പരീക്ഷ എഴുതി. 18കാരിയായ അഞ്ജര ഖാത്തൂണാണ് പെൺകുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കുള്ളിൽ പശ്ചിമ ബംഗാൾ മദ്ധ്യമിക് ബോർഡ് പരീക്ഷ എഴുതിയത്. തിങ്കളാഴ്ച രാവിലെ മാൾഡ ജില്ലയിലെ ഹരിശ്ചന്ദ്രപൂരിലാണ് സംഭവം.
പരീക്ഷാർത്ഥിയുടെ അപേക്ഷയിൽ ജില്ലാ ഭരണകൂടം ആശുപത്രിയെ പരീക്ഷാ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. ഹരിശ്ചന്ദ്രപൂരിലെ നാനാറായി ഗ്രാമത്തിലാണ് സംഭവം. ഹരിശ്ചന്ദ്രപൂർ കിരൺബാല ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് അഞ്ജര ഖാത്തൂൺ. പെൺകുട്ടിയുടെ പരീക്ഷാ കേന്ദ്രം ഹരിശ്ചന്ദ്രപൂർ ഹൈസ്‌കൂളായിരുന്നു.
എന്നാൽ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ഹരിശ്ചന്ദ്രപൂർ റൂറൽ ഹോസ്പിറ്റലിൽ അഞ്ജര പെൺകുഞ്ഞിന് ജന്മം നൽകി.ഇതിന് പിന്നാലെ പ്രസവശേഷം തനിക്ക് പരീക്ഷ എഴുതണമെന്ന് അഞ്ജര ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്ന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്ന് ആശുപത്രിയിൽ സൗകര്യമൊരുക്കുകയായിരുന്നു.
ബാക്കിയുള്ള സെക്കൻഡറി പരീക്ഷകളും പരീക്ഷാർത്ഥി എഴുതാൻ ആഗ്രഹിക്കുന്നിടത്ത് വച്ച് തന്നെ ക്രമീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മഹാമാരി മൂലം ഏകദേശം രണ്ട് വർഷമായി ബോർഡ് പരീക്ഷകൾ നടന്നിരുന്നില്ല.
Comments