ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരാൻ സിഡബ്ല്യൂസി യോഗത്തിൽ തീരുമാനം. എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. രാജി സന്നദ്ധത യോഗത്തിൽ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഘടന തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ നിലവിലെ പ്രവർത്തക സമിതി തുടരാനും യോഗത്തിൽ തീരുമാനമായി.
കോൺഗ്രസിനുള്ളിൽ ഏറ്റവും നിർണായക തീരുമാനമെടുക്കുന്ന കൂടിക്കാഴ്ചയായ സിഡബ്ല്യൂസി യോഗം വൈകീട്ടായിരുന്നു ആരംഭിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയമായിരുന്നു പ്രധാന ചർച്ചാ വിഷയം. ബിജെപി വിരുദ്ധ വോട്ട് ഭിന്നിക്കപ്പെട്ടതായി യോഗം വിലയിരുത്തി.
സംഘടനയിൽ ദൗർലഭ്യമുണ്ടായി. ഇത് പരിഹരിക്കാൻ സോണിയ ഗാന്ധി ഇടപെടും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പിഴച്ചുവെന്നും ഫലത്തിൽ ആശങ്കയുണ്ടെന്നും സിഡബ്ല്യൂസി പറഞ്ഞു. തിരുത്തൽ നടപടികൾക്ക് സോണിയയെ ചുമതലപ്പെടുത്തിയ സമിതി നാല് സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരിന്റെ ദുർഭരണം തുറന്നുകാട്ടാനായില്ലെന്ന് വ്യക്തമാക്കി. പഞ്ചാബിൽ നേതൃമാറ്റം വരുത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ ഫലപ്രദമായി സർക്കാരിന് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് പാർട്ടി അംഗീകരിക്കുന്നതായും യോഗം അറിയിച്ചു.
രാജ്യത്തെ രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിനെതിരായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ അർപ്പിക്കുന്ന പ്രതീക്ഷകളെ കോൺഗ്രസ് പാർട്ടിയാണ് പ്രതിനിധീകരിക്കുന്നത്. ഏറ്റെടുത്ത വലിയ ഉത്തരവാദിത്തത്തെക്കുറിച്ച് പാർട്ടിക്ക് ഉത്തമ ബോധ്യമുണ്ട്. പാർട്ടിക്കും അതിന്റെ സ്ഥാനാർത്ഥികൾക്കും വേണ്ടി അക്ഷീണം പ്രയത്നിച്ച അഞ്ച് സംസ്ഥാനങ്ങളിലെ ദശലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി രേഖപ്പെടുത്തുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധിയെ അംഗീകരിക്കുന്നതോടൊപ്പം ശക്തമായ പ്രതിപക്ഷമായി തുടരുമെന്ന് കോൺഗ്രസ് പാർട്ടി അതിന്റെ പ്രവർത്തകർക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഉറപ്പ് നൽകുന്നു. 2022ലും 2023ലും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും നേരിടാൻ പോകുന്ന വെല്ലുവിളികൾക്കായി കോൺഗ്രസ് സജ്ജമാണെന്നും സിഡബ്ല്യൂസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
Comments