അബുദാബി: റോഡപകടങ്ങളുണ്ടാകുമ്പോൾ ഇനി ദുബായിൽ ഹൈടെക് രക്ഷാപ്രവർത്തനം. റോഡ് അപകടങ്ങളുണ്ടാകുമ്പോൾ അതിവേഗം രക്ഷാപ്രവർത്തനം നടത്താനും ഗതാഗതം സുഗമമാക്കാനുമുള്ള ട്രാഫിക് ഇൻസിഡന്റ്‌സ് മാനേജ്‌മെന്റ് സംവിധാനം ദുബായിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഈ വർഷം പകുതിയോടെ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിക്കാനാണ് തീരുമാനം.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണ സജ്ജീകരണങ്ങളോട് കൂടിയ വാഹനങ്ങൾ 15 ഹൈവേകളിലും പ്രധാന റോഡുകളിലും വിന്യസിക്കും. ഈവർഷം പകുതിയോടെ ആദ്യഘട്ടം തുടങ്ങി 3 വർഷത്തിനകം 425 കിലോമീറ്ററിലേറെ പാത ഈ സംവിധാനത്തിന്റെ കീഴിലാക്കാനാണു പോലീസ്- ആർടിഎ പദ്ധതി.
അപകടത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഗതാഗതക്കുരുക്ക് കൂടുതൽ അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യം ഒഴിവാക്കുകയും വാഹനങ്ങൾ മറ്റു പാതകളിലേക്കു തിരിച്ചുവിടുകയും ചെയ്യും. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ സംവിധാനമൊരുക്കും. അടിയന്തര ഘട്ടങ്ങളിൽ ഹെലികോപ്റ്റർ എത്തിക്കും. 2018 മുതൽ ഘട്ടംഘട്ടമായി ഇത് നടപ്പാക്കി വരികയാണ്. ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, അൽ ഇത്തിഹാദ് , അൽ ഖൈൽ, ദുബായ്-അൽഐൻ തുടങ്ങിയ റോഡുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാകുകയെന്ന് ആർടിഎ അറിയിച്ചു.
2023ൽ തുടങ്ങുന്ന രണ്ടാംഘട്ടത്തിൽ അൽ ഖൈൽ റോഡ് (രണ്ടാം ഭാഗം), എമിറേറ്റ്‌സ് റോഡ്, ജബൽഅലി-ലഹ്ബാബ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നിവ ഉൾപ്പെടുന്നു. 2024ൽ തുടങ്ങുന്ന മൂന്നാംഘട്ടത്തിൽ ദുബായ്-ഹത്ത റോഡ്, ഉം സുഖൈം സ്ട്രീറ്റ്, എക്‌സ്‌പോ റോഡ്, ഹെസ്സ സ്ട്രീറ്റ് എന്നിവ ഉൾപ്പെടും.
ട്രാഫിക് ഇൻസിഡന്റ്‌സ് മാനേജ്‌മെന്റ് സംവിധാനത്തിനു കീഴിലുള്ള വാഹനങ്ങൾ റോഡിൽ ഏതുഭാഗത്താണ് ഉണ്ടാകേണ്ടതെന്നും മറ്റുമുള്ള കാര്യങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്. ഗതാഗതത്തിരക്കും അപകടനിരക്കും വിലയിരുത്തിയാണ് ഓരോ മേഖലയും തിരഞ്ഞെടുത്തതെന്നും വ്യക്തമാക്കി. റോഡുകളിൽ സുരക്ഷ ഉറപ്പാക്കാൻ സ്മാർട് നടപടികൾ സ്വീകരിച്ചു വരികയാണെന്നു ദുബായ് വ്യക്തമാക്കി.
ദുബായിലെ പാതകൾ, ക്യാമറകൾ, റഡാറുകൾ, ഇലക്ട്രോണിക് ബോർഡുകൾ തുടങ്ങിയവ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്ററിന്റെ കീഴിലാണ്. ഡ്രൈവറില്ലാ വാഹനങ്ങളെയും പറക്കും വാഹനങ്ങളെയും വരെ നിരീക്ഷിക്കാനുള്ള നൂതന സംവിധാനങ്ങൾ ഇവിടെയുണ്ട്. ക്യാമറകളും റഡാറുകളും ഉൾപ്പെടുന്ന ഡൈനമിക് മെസേജിങ് സൈൻസിന് റോഡിലെ ചെറുചലനങ്ങൾ പോലും സൂക്ഷ്മമായി പകർത്താം.
Comments