ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ കൂട്ട തോൽവിക്ക് പിന്നാലെ പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധു രാജിവെച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലേയും കോൺഗ്രസ് അദ്ധ്യക്ഷന്മാരോട് രാജിവെക്കാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്റ് ആവശ്യപ്പെട്ടത്.
കോൺഗ്രസ് അദ്ധ്യക്ഷയുടെ ആഗ്രഹപ്രകാരം താൻ രാജിക്കത്ത് സമർപ്പിച്ചുവെന്ന് സിദ്ധു ട്വിറ്ററിൽ കുറിച്ചു. സോണിയ ഗാന്ധിക്കെഴുതിയ കത്തിന്റെ ചിത്രവും സിദ്ധു പങ്കുവെച്ചിട്ടുണ്ട്.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ, എന്നീ സംസ്ഥാനങ്ങളിലെ പാർട്ടി അദ്ധ്യക്ഷന്മാരോട് രാജി വെക്കാനാണ് ആവശ്യപ്പെട്ടത്. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് പിന്നാലെയാണ് ഹൈക്കമാന്റ് നിർണായക തീരുമാനം സ്വീകരിച്ചത്. സംസ്ഥാന തലത്തിൽ കോൺഗ്രസിൽ അടിമുടി മാറ്റം വരുത്തണം എന്ന ലക്ഷ്യത്തോടെയാണ് നീക്കം നടത്തുന്നത് എന്നും നേതാക്കൾ പറയുന്നു.
അതേസമയം പാർട്ടി ടിക്കറ്റുകൾ വിറ്റെന്ന ആരോപണത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് രംഗത്തെത്തിയിരുന്നു. ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അഞ്ച് സംസ്ഥാനങ്ങളിലും പരാജയപ്പെട്ടതോടെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഹൈക്കമാന്റിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പാർട്ടി നേതൃത്വത്തിൽ നിന്നും നെഹ്റു കുടുംബം മാറി നിൽക്കണം എന്നാണ് അവരുടെ ആവശ്യം.
കഴിഞ്ഞ ദിവസം ചേർന്ന പ്രവർത്തകസമിതി സോണിയ ഗാന്ധിയിൽ വിശ്വാസം രേഖപ്പെടുത്തുകയും തുടർ നടപടികൾക്ക് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻമാരോട് രാജി ആവശ്യപ്പെട്ടത്
Comments