മലപ്പുറം : വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കാലിക്കറ്റ് സർവ്വകലാശാല അദ്ധ്യാപകനെ പുറത്താക്കി. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഹാരിസ് കോടമ്പുഴയെ ആണ് പുറത്താക്കിയത്. സർവ്വകലാശാല ആഭ്യന്തരപരാതി പരിഹാര സെല്ലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് ഹാരിസിനെതിരെ ലൈംഗിക ചൂഷണ പരാതി ഉയർന്നത്. ഹാരിസിന് കീഴിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥിനിയായിരുന്നു സർവ്വകലാശാല പരാതിപരിഹാര സെല്ലിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് സർവ്വകലാശാലയ്ക്ക് ബോദ്ധ്യമായി. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഹാരിസിനെ അറസ്റ്റ് ചെയ്തു. പോലീസ് അന്വേഷണത്തിനിടെ കൂടുതൽ വിദ്യാർത്ഥികൾ ഹാരിസിനെതിരെ പരാതിയുമായി രംഗത്ത് വന്നു. ഇതിന് പിന്നാലെ അദ്ധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പരാതിപരിഹാര സെല്ലിന്റെ വിശദമായ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പുറത്താക്കിയത്. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹാരിസിനെതിരെ നടപടി സ്വീകരിക്കാൻ സെല്ല് വിസിയോട് നിർദ്ദേശിച്ചിരുന്നു.
Comments