ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും നേരിട്ട പരാജയത്തിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അഞ്ച് മുതിര്‍ന്ന നേതാക്കളെ നിയമിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. ഈ സംസ്ഥാനങ്ങളില്‍ സംഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനും ഈ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗോവയില്‍ രാജ്യസഭാ എംപി രജനീ പാട്ടീല്‍, മണിപ്പൂരില്‍ ജയറാം രമേശ്, പഞ്ചാബില്‍ അജയ് മാക്കന്, ഉത്തര്‍പ്രദേശില്‍ ജിതേന്ദ്ര സിങ്, ഉത്തരാഖണ്ഡില്‍ അവിനാശ് പാണ്ഡേ എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും, സംഘടനാപരമായ പ്രശ്നങ്ങള്‍ കണ്ടെത്തി ആവശ്യമായ മാറ്റങ്ങള്‍ കണ്ടെത്തി നിര്‍ദ്ദേശിക്കുന്നതിനും മുതിര്‍ന്ന നേതാക്കളെ അഞ്ച് സംസ്ഥാനങ്ങളിലായി നിയോഗിച്ചുവെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാന്‍ സാധിക്കാത്തതും, ഭരിച്ചു കൊണ്ടിരുന്ന സംസ്ഥാനമായ പഞ്ചാബ് കൈവിട്ടതും കോണ്‍ഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇവിടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചിരുന്നു. ഈ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്മാരോട് രാജി വയ്ക്കാനും സോണിയ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Comments