ന്യൂഡൽഹി:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ പാർട്ടി പ്രവർത്തനത്തേയും നേതൃത്വത്തേയും വിമർശിച്ച് നിരവധി പേർ എത്തിയിരുന്നു. ഇപ്പോഴിതാ കോൺഗ്രസ് നേതൃത്വത്തേയും പ്രിയങ്ക ഗാന്ധിയേയും വിമർശിച്ചെത്തിയിരിക്കുകയാണ് മുൻ കോൺഗ്രസ് നേതാവ് ശങ്കർ സിംഗ് വഗേല. രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ലെന്ന് അദ്ദേഹം കോൺഗ്രസിന് ഉപദേശം നൽകി. 2017ലാണ് വഗേല കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെയ്ക്കുന്നത്.
പാർട്ടി ഹൈക്കമാൻഡിൽ നിന്നും അണികൾക്ക് പ്രതീക്ഷകളുണ്ടാകും. സോണിയ ഗാന്ധിയും പ്രിയങ്ക വാദ്രയും രാഹുൽ ഗാന്ധിയും ശരിയായി പ്രവർത്തിക്കണമായിരുന്നു. പാർട്ടിയുടെ ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കയെ യുപിയുടെ ചുമതല ഏൽപ്പിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ഡൽഹിയിലെ വസതിയിൽ നടന്ന ‘ജി-23’ യോഗം പൂർത്തിയായതിന് പിന്നാലെയാണ് വഗേലയുടെ പ്രസ്താവന.
— Shankersinh Vaghela (@ShankersinhBapu) March 17, 2022
കോൺഗ്രസിനെ നേർവഴിയിൽ നടത്താൻ ശരിയായ ഉപദേഷ്ടാക്കൾ ഇല്ലെന്നും വഗേല വിമർശിച്ചു. നേതൃതലത്തിൽ ചർച്ചകളുടേയും സംവാദങ്ങളുടേയും അഭാവമുണ്ടെന്നും വഗേല വിമർശിച്ചു. തെരഞ്ഞെടുപ്പിൽ വേണ്ട വിധം പ്രവർത്തിച്ചിരുന്നുവെങ്കിൽ പഞ്ചാബിലെ ഭരണം കൈവിട്ട് പോകില്ലായിരുന്നു. പഞ്ചാബിൽ ഇത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുപിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പ്രിയങ്കയ്ക്ക് നൽകിയത് ഉചിതമായ തീരുമാനമല്ല. യുപിയിലെ നഷ്ടം ഇപ്പോൾ പ്രിയങ്കയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ വലിയ കളങ്കമായി മാറിയിരിക്കുകയാണ്. രാഷ്ട്രീയം മുഴുവൻ സമയ ജോലിയാണ്. കോൺഗ്രസിന് നിലനിൽക്കണമെങ്കിൽ പാർട്ടി പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും പക്വതയും അനുഭവപരിചയവും ഇല്ലാത്തതാണ് കോൺഗ്രസിന്റെ തോൽവിയ്ക്ക് കാരണമെന്നും വഗേല കൂട്ടിച്ചേർത്തു.
Comments