ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകൾ വീണ്ടും കുറഞ്ഞ് വരികയാണ്. എന്നാൽ വിദേശരാജ്യങ്ങളിലടക്കം കൊറോണ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും പുതിയ മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്രം. തെക്കൻ ഏഷ്യയിലും യൂറോപ്യൻ രാജ്യങ്ങളിലും കൊറോണ രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമെ പരിശോധന-ട്രാക്ക്-ചികിത്സ-വാക്സിനേഷൻ-കൊറോണ മാനദണ്ഡം പാലിക്കൽ എന്നീ അഞ്ചിന നിർദ്ദേശങ്ങൾ പാലിക്കണമെന്നും യൂണിയൻ ഹെൽത്ത് സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശങ്ങൾ നൽകിയത്. ജീനോം സീക്വൻസിങ്ങും പരിശോധനയും കർശനമായി തുടരും. കൊറോണയ്ക്കെതിരായ പോരാട്ടത്തിന് എല്ലാ സംസ്ഥാനങ്ങളുടേയും പിന്തുണ കേന്ദ്രം തുടർന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.
കഴിഞ്ഞ ദിവസം ചൈനയിലും കൊറോണ കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചൈനയുടെ പല ഭാഗങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചൈനയിൽ 2388 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതിന് തലേ ദിവസം 1226 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. ഈ രീതിയിൽ ഒരു ദിവസം കൊണ്ട് തന്നെ വലിയ വർദ്ധനവ് ആണ് ചൈനയിൽ ഉണ്ടാകുന്നത്.
Comments