ന്യൂഡൽഹി: 14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി ഇന്ന്. ഇതിന്റെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ന് രാജ്യതലസ്ഥാനത്തെത്തും. ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫുമിയോ കിഷിദയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം മാനിച്ചാണ് ജപ്പാൻ പ്രധാനമന്ത്രി 19, 20 ദിവസങ്ങളിൽ ഇന്ത്യ സന്ദർശിക്കുന്നത്. അവസാനമായി 2018 ൽ ടോക്കിയോയിൽ വെച്ചാണ് ഉച്ചകോടി നടന്നത്. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും, അവലോകനം ചെയ്യാനും ഉച്ചകോടി അവസരമൊരുക്കും എന്നാണ് വിലയിരുത്തൽ. പ്രാദേശിക, ആഗോള വിഷയങ്ങളും ചർച്ചയാകും. ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള രാജ്യങ്ങളുടെ പങ്കാളിത്തവും ചർച്ച ചെയ്യും.
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ, മെട്രോ പദ്ധതികൾ, ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴി പദ്ധതി തുടങ്ങി ജാപ്പനീസ് സഹായത്തോടെ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ നടന്നുവരുന്നുണ്ട്. 2018 ഒക്ടോബറിൽ ഇന്ത്യയും ജപ്പാനും ഒരു ഡിജിറ്റൽ പങ്കാളിത്തത്തിൽ ഒപ്പുവെച്ചിരുന്നു. നിലവിൽ, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ജാപ്പനീസ് വെഞ്ച്വർ ക്യാപിറ്റൽസിൽ നിന്ന് 10 ബില്യൺ യുഎസ് ഡോളറിലധികം സമാഹരിച്ചിട്ടുണ്ട്.
Comments