ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഈ മാസം 25ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുകയെന്ന് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ്, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവർ പങ്കെടുക്കും.
ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കളെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. രണ്ടാം യോഗി സർക്കാരിലെ മറ്റ് മന്ത്രിമാരുടെ പേരുകളെക്കുറിച്ച് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ബി.ജെ.പി നിർണായക കോർകമ്മിറ്റി യോഗം ചേർന്നിരുന്നു.
തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയാണ് യുപിയിൽ ബിജെപി രണ്ടാം തവണയും അധികാരത്തിലെത്തിയത്. 403 മണ്ഡലങ്ങളിൽ 255 എണ്ണത്തിൽ വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷികൾ പതിനെട്ട് സീറ്റും നേടി. സംസ്ഥാനത്ത് കഴിഞ്ഞ 37 വർഷത്തിനിടെ മുഴുവൻ കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. സത്യപ്രതിജ്ഞാ ചടങ്ങിൽ 45,000 പേർക്ക് പങ്കെടുക്കാം. ഇതിനുപുറമെ, 200 വിവിഐപി അതിഥികളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.
Comments