ഛണ്ഡീഗഡ് : പഞ്ചാബിൽ റെയിൽവേ ട്രാക്കിൽ പശുക്കളുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പ്രധാനപ്രതികളായ ഇർഷാദ് ഖാൻ, ഫരിയാദ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 10 ആയി.
ഇന്നലെ രാത്രിയോടെയാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. ഹോഷിയർപൂർ എസ്എസ്പി ധ്രുമൻ എച്ച് നിംബാളെയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഒളിത്താവളത്തിൽ നിന്നും ഇരുവരെയും പിടികൂടിയത്. തുടർന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ആറ് ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ഝാൻസ് ഗ്രാമത്തിലെ റെയിൽവേ ട്രാക്കിൽ പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയത് . 19 പശുക്കളെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ പോലീസ് 36 മണിക്കൂറിനുള്ളിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ പിടികൂടിയിരുന്നു. എന്നാൽ സംഭവത്തിന് പിന്നാലെ ഇർഷാദ് ഖാനും ഫരിയാദ് ഖാനും ഒളിവിൽ പോയിരുന്നു. അറസ്റ്റിലായ മറ്റുള്ളവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണം നടത്തിവരികയായിരുന്നു.
പശുക്കളെ അനധികൃതമായി കശാപ്പ് ചെയ്യുന്ന സംഘമാണ് പിടിയിലായതെന്ന് ധ്രുമൻ എച്ച് നിംബാളെ പറഞ്ഞു. അറസ്റ്റിലായവരിൽ പലരും നേരത്തെയും കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇർഷാദ് ഖാനെതിരെ പശുക്കളെ കടത്തിയ സംഭവത്തിൽ രാജസ്ഥാനിലും കേസ് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments