നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ കൊറോണ വരാത്തതായി ഇപ്പോൾ ആരുമില്ലെന്ന് തോന്നും. ഒരു കുടുംബത്തിലെ ഒട്ടുമിക്ക അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ച് കഴിഞ്ഞ ഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. നമ്മുടെ കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അയൽപക്കത്തുള്ളവർ അങ്ങനെ ആരെ എടുത്ത് നോക്കിയാലും ഭൂരിഭാഗം ആളുകൾക്കും രോഗം വന്ന് പോയി കഴിഞ്ഞു. ആദ്യ തരംഗത്തിൽ നിന്നും രക്ഷപ്പെടാത്തവർ രണ്ടാം തരംഗത്തിൽ പിടികൊടുത്തു. രണ്ട് തരംഗങ്ങളിലും പിടികൊടുക്കാതിരുന്ന പലരും മൂന്നാം തരംഗത്തിൽ അടിയറവ് പറഞ്ഞു. എന്നിട്ടും കൊറോണ സ്ഥിരീകരിക്കാത്ത ‘ചിലർ’ ഇപ്പോഴും നമുക്കിടയിലുണ്ട്.
പത്ത് പേരെ എടുത്താൽ ചിലപ്പോൾ അതിൽ ഒരാൾ എന്ന തരത്തിലായിരിക്കും മേൽപ്പറഞ്ഞ കൊറോണ വാരത്തവരുണ്ടാകുക. എന്തുകൊണ്ടാണ് മൂന്ന് തരംഗങ്ങളും കടന്ന് പോയിട്ടും ഈ വിഭാഗക്കാർക്ക് രോഗം പിടിപെടാതെ ഇരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ.. 2019ൽ കണ്ടെത്തിയ വൈറസ് നമുക്കിടയിൽ കഴിഞ്ഞ രണ്ട് വർഷമായി ഉണ്ടായിട്ടും ഒരു പ്രത്യേക വിഭാഗത്തിന് മാത്രം കൊറോണ തീണ്ടാത്തത് എന്തുകൊണ്ടാണെന്ന് നോക്കാം..
പല തരംഗങ്ങൾ വന്നു പോയിട്ടും സ്വയം ബാധിതരാകാതെയും മറ്റുള്ളവർക്ക് പകർന്നു നൽകാതെയും ഇരുന്ന ചിലരാണിവർ. ശരീരത്തിൽ വലിയ അളവിൽ ‘ടി സെല്ലുകൾ ‘ ഉണ്ടായിരുന്നവരാകാം ഇത്തരക്കാരെന്നാണ് നിഗമനം. ഒരുതരം മെമ്മറി കോശങ്ങളാണ് ടി സെല്ലുകൾ. നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിൽ വലിയ പങ്കുവഹിക്കുന്ന മെമ്മറി കോശങ്ങളാണിത്. ഇത്തരത്തിലുള്ള ടി സെല്ലുകൾ ശരീരത്തിൽ രൂപപ്പെട്ടവർക്ക് മഹാമാരിയെ ചെറുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.
ഇതുകൂടാതെ ചിലരുടെ ജനിതക ഘടനയുടെ പ്രത്യേകതകളും കൊറോണയെ അകറ്റി നിർത്താൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടാകാമെന്നാണ് പറയപ്പെടുന്നത്. പല തരത്തിലുള്ള കൊറോണ വൈറസുകൾക്ക് വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുണ്ട്. എന്നാൽ ചില സമാനതകളും ഇവ പലപ്പോഴും പ്രകടിപ്പിക്കുന്നു. ഈ സമാനതകൾ തിരിച്ചറിയാൻ നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങൾക്ക് സാധിച്ചതാകും കൊറോണ വൈറസിൽ നിന്ന് മാറ്റി നിർത്തിയതെന്നും ഗവേഷകർ പറയുന്നു.
എന്നാൽ ഇതുവരെ പരിശോധന നടത്താതിരുന്നതിനാലാണ് പലർക്കും കൊറോണ തിരിച്ചറിയാതെ പോയതെന്ന വാദവും വിമർശനമായി ഉയരുന്നുണ്ട്. ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്നതിനാൽ പരിശോധന നടത്താതെ ഇരിക്കുന്നവർ മറ്റുള്ളവർക്ക് രോഗം പടർത്താൻ കാരണമാകുന്നുവെന്നാണ് പറയുന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് കരുതി ആരും തന്നെ വാക്സിനോട് വിമുഖത കാണിക്കരുതെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Comments