ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യയുടെ ഉറ്റസുഹൃത്തായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതലസ്ഥാനത്ത് ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഫ്യൂമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ച വളരെ മികവുറ്റതായിരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
‘ഫ്യൂമിയോ കിഷിദയുമായി നടത്തിയ ചർച്ചകൾ വിപുലവും ഫലപ്രദവുമായിരുന്നു. അദ്ദേഹം എന്നും ഇന്ത്യയുടെ നല്ല സുഹൃത്താണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി ഞങ്ങൾ വിലയിരുത്തി. വിവിധ പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്തു’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
The talks with PM @kishida230 were extensive and productive. He has always been a great friend of India’s. We took stock of the progress in our bilateral relations over the last few years. We also discussed various regional and global issues. pic.twitter.com/FaP3xP5o9u
— Narendra Modi (@narendramodi) March 19, 2022
കൂടിക്കാഴ്ചയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു രാഷ്ട്ര തലവൻമാരും ചർച്ച നടത്തി. രാജ്യങ്ങൾ തമ്മിൽ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള ആറ് കരാറുകളിലും ഇരുപക്ഷവും ഒപ്പുവച്ചു.
അതേസമയം, യുക്രെയ്ന്റെ പ്രദേശങ്ങൾ സ്വന്തമാക്കാനുള്ള റഷ്യയുടെ നീക്കം അപലപനീയമാണെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. യുദ്ധത്തിന് അറുതി വരുത്തണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു.തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നില്ലെന്ന് രാജ്യങ്ങൾ ഉറപ്പാക്കണമെന്ന് ഇന്ത്യയും ജപ്പാനും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഫ്യൂമിയോ കിഷിദയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാർഷിക ചർച്ചയുടെ 14ാം പതിപ്പാണ് ഇന്നലെ നടന്നത്. കൂടാതെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം കൂടിയാണ് ഈ വർഷം.
Comments