മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ഇമാം ആണെന്ന് സിപിഎം പ്രാദേശിക നേതാവ് അബ്ദുറഹ്മാൻ പുൽപറ്റ. ചെമ്പ്രക്കോട്ടൂരിൽ നടന്ന ഇഎംഎസ്, എകെജി ദിനാചരണ യോഗത്തിലായിരുന്നു അബ്ദുറഹ്മാന്റെ പരാമർശം. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചടങ്ങിൽ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിക്കുന്നതിനിടെയായിരുന്നു കേരളത്തിന്റെ ഇമാമാണെന്ന് സിപിഎം നേതാവ് പറഞ്ഞത്. പിണറായി വിജയനെ ദുബായിലെ ഷെയ്ഖ് സ്വീകരിച്ചത് വലിയ വാർത്തയായാണ് അവിടത്തെ ഏറ്റവും വലിയ വാർത്താ ഏജൻസി നൽകിയത്. ഞങ്ങളെ സംബന്ധിച്ച് പടച്ചറബ്ബിന്റെ കൃപയോടെ ഇന്ന് മുഖ്യമന്ത്രിയ്ക്ക് ഒന്നും പേടിക്കാനില്ല. കാരണം എന്താണ്?. വലത്തേ അറ്റത്ത് ഖമറുൽ ഉലമ, ഇടത്തേ ഭാഗത്ത് സയിദ് ഉൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ. നടുക്ക് ശൈഖുൽ മശായിഖ് പിണറായി വിജയൻ, ക്യാപ്റ്റൻ. കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോൾ ഒരു ഇമാമുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സാലിയിരിക്കുന്നു. അതാണ് ഒരു ശർറും ഏൽക്കാത്തതെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയെ പ്രശംസിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെ വലിയ പരിഹാസവും വിമർശനവുമാണ് ഉയരുന്നത്. സിപിഎമ്മിനെ സുഡാപ്പികൾ വിഴുങ്ങിയെന്നാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറയുന്നത്. പൊക്കി പൊക്കി പിണറായിയെ താഴെ ഇടരുതെന്നും പരിഹാസമുണ്ട്. ഇമാമാകാൻ പിണറായി എപ്പോഴാണ് മതം മാറിയതെന്നും പരിഹാസമുണ്ട്.
Comments