സിരോഹി: തങ്ങൾ നെഹ്റു കുടുംബത്തിന്റെ അടിമകളാണെന്നും അവസാനശ്വാസം വരെ അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും സിരോഹി എംഎൽഎ സന്യം ലോഥ. രാജസ്ഥാൻ നിയമസഭയിൽ ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഉപദേശകനാണ് ലോഥ. ഏറെ അഭിമാനത്തോടെയാണ് ഇത് പറയുന്നതെന്നും സന്യം ലോഥ പറയുന്നു.
ഹരിദേവ് ജോഷി യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള ചർച്ചയ്ക്കിടെയാണ് ലോഥ നെഹ്റു കുടുംബത്തെ പുകഴ്ത്തി സംസാരിച്ചത്. ‘ അതെ ഞങ്ങൾ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ അടിമകളാണ്, ഞങ്ങളുടെ അവസാന ശ്വാസം വരെ അവരുടെ അടിമകളായി തുടരും. നെഹ്റു-ഗാന്ധി കുടുംബമാണ് ഈ രാജ്യം നിർമ്മിച്ചത്, അതിനാലാണ് അവരുടെ അടിമകളായി തുടരുന്നതെന്നുമാണ്’ ലോഥയുടെ അവകാശവാദം.
അതേസമയം ലോഥയുടെ പരാമർശത്തെ പരിഹസിച്ച് പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡ് രംഗത്തെത്തി. ‘ ഇപ്പോൾ പുതിയൊരു സംസ്കാരം വന്നിരിക്കുകയാണ്. അടിമത്തത്തിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ. ഇവർ അടിമകളാണ്. നിങ്ങൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്. അടിമകൾ ഒരിക്കലും സ്വന്തം അഭിപ്രായം പറയാറില്ല. അത് ഇപ്പോൾ അവർ തന്നെ സമ്മതിച്ച് തന്നിരിക്കുകയാണെന്നും’ റാത്തോഡ് പരിഹസിച്ചു.
Comments