കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്ക കൂടുതല്‍ പ്രതിസന്ധികളിലേക്ക്. ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടിലായിരിക്കുകയാണ്. രാജ്യതലസ്ഥാനമായ കൊളംബോയിലടക്കം അഞ്ച് മണിക്കൂര്‍ വീതം പവര്‍കട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ധന വിതരണ കേന്ദ്രങ്ങളുടെ എല്ലാം നിയന്ത്രണം പട്ടാളം ഏറ്റെടുത്തിരിക്കുകയാണ്.
അവശ്യസാധനങ്ങള്‍ക്കെല്ലാം ഇപ്പോഴും തീവിലയാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും സാധനങ്ങളുടെ ലഭ്യതയും ഇല്ലാതായിരിക്കുകയാണ്. പണം നല്കിയാലും ഒന്നും കിട്ടാനില്ലാത്ത അവസ്ഥയാണ് പല മേഖലകളിലും. രാജ്യത്തെ ഇത്തരമൊരു ദുരന്തത്തിലേക്ക് തള്ളിവിട്ട പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളും കൊളംബോയില്‍ ശക്തമാണ്.
പൂര്‍ണമായും ഇറക്കുമതിയെ ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന രാജ്യമാണ് ശ്രീലങ്ക. കടത്തുകൂലി ഡോളറില്‍ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിനാല്‍ കൊളംബോ തുറമുഖത്തെത്തിയ 1500 കണ്ടെയ്നര്‍ ഭക്ഷണ വസ്തുക്കള്‍ കപ്പലില്‍ നിന്നും ഇപ്പോഴും ഇറക്കാനായിട്ടില്ല. നിലവില്‍ ഇന്ത്യ വായ്പയായി നല്കിയ പണം മാത്രമാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്. അതേസമയം അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്ന് പാക് കടലിടുക്കില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Comments