മുംബെെ: ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആർആർആർ(രുഗ്രം രണം രുധിരം) നാളെ റിലീസിന് ഒരുങ്ങുകയാണ്. രാം ചരൺ, ജൂനിയർ എൻടിആർ, ആജയ് ദേവ്ഗൺ, ശ്രീയ ശരൺ, ആലിയഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രത്തിന്റെ ബുക്കിംഗ് ഏതാണ്ട് പൂർണ്ണമായും അവസാനിച്ചു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഡൽഹിയിലെ പിവിആർ ഡയറക്ടേഴ്സ് കട്ടിൽ ഒരു ടിക്കറ്റിന് 2100 രൂപ വരെയാണ് ഈടാക്കുന്നത്.
3ഡി പ്ലാറ്റിനം ടിക്കറ്റിന് 1900 രൂപ, 3ഡി പ്ലാറ്റിനം സുപ്പീരിയൽ ടിക്കറ്റിന് 2100 എന്നിങ്ങനെ പോകുന്നു നിരക്കുകൾ. ഗുരുഗ്രാമിലെ ആംബിയൻസ് ഹാൾ, മുംബൈയിലെ പിവിആർ എന്നിവിടങ്ങളിലും വലിയ തുകയ്ക്കാണ് ചിത്രം വിറ്റുപോകുന്നത്. മുംബൈയിൽ നികുതി ഇല്ലാതെയുള്ള ഒരു ടിക്കറ്റിന്റെ വില1720 രൂപയാണ്. കൊൽക്കത്തയിൽ 1090 രൂപയും. ഏറ്റവും വിലയേറിയ ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നതായി തീയേറ്റർ ഉടമകൾ പറയുന്നു.
1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രമാണ് ആർആർആർ. അല്ലൂരി സിതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. മൂന്ന് മണിക്കൂർ ആറ് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. എൻടിആറാണ് കോമരം ഭീം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അല്ലൂരി സിതാരാമ രാജുവായാണ് ആർആർആറിൽ രാം ചരൺ എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്ത് ഭാഷകളിൽ ചിത്രം കാണാം.
Comments