തിരുവനന്തപുരം : സിൽവർലൈനിനെതിരെ പ്രതിഷേധിച്ച എംപിമാരെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും കളിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പഴയ മുതലാളിമാരുടെ സ്വരമാണ് മുഖ്യമന്ത്രിയ്‌ക്കും പാർട്ടിയ്‌ക്കും. എംപിമാരെ തല്ലിയതിൽ മുഖ്യമന്ത്രിയും പാർട്ടിയും ആഹ്ലാദിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയും മറ്റ് സിപിഎം നേതാക്കളും സിൽവർ ലൈനെതിരെ പ്രതിഷേധിച്ച എംപിമാരെ പരിഹസിക്കുകയാണ്. പഴയ ജന്മിത്വ കാലത്ത് സമരം ചെയ്യുന്ന കർഷകരെ നോക്കി മുതലാളിമാർ നോക്കി പരിഹസിക്കുന്നതു പോലെയണ് മുഖ്യമന്ത്രിയിൽ നിന്നും മറ്റ് മന്ത്രിമാരിൽ നിന്നും സിപിഎം നേതാക്കളിൽ നിന്നും ഉണ്ടായ പ്രതികരണം. ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളായ എംപിമാരെയാണ് പാർലമെന്റിന് മുൻപിൽ ഇട്ട് ഡൽഹി പോലീസ് വളഞ്ഞിട്ട് തല്ലിയത്. അതിൽ ആഹ്ലാദിക്കുന്ന മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയേയുമാണ് കണ്ടത്. അതിൽ അപലപിക്കാതെ നിലവാരം വിട്ട് പെരുമാറിയെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ഭൂതകാലം മറക്കരുതെന്നും വിഡി സതീശൻ ഓർമ്മിപ്പിച്ചു.
പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ബജറ്റ് അവതരണ വേളയിൽ ശിവൻകുട്ടിയുടെ നേതൃത്വത്തിൽ കേരളത്തിലെ അസംബ്ലി അടിച്ച് തകർക്കാൻ പ്രോത്സാഹനം നൽകിയ വ്യക്തിയാണ് പിണറായി. ഈ പിണറായി ആണ് മര്യാദ പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. അടികൊള്ളേണ്ട പരിപാടിയാണ് കോൺഗ്രസ് എംപിമാർ ചെയ്തതെന്നും, അടി കുറച്ചുകൂടി നേരത്തെ കിട്ടാനിരുന്നത് ആണെന്നുമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. അദ്ദേഹവും പഴയകാലം മറക്കരുത്. പോലീസ് സ്‌റ്റേഷന് മുൻപിൽ നിന്ന് പോലീസ് സ്‌റ്റേഷന് ഉള്ളിൽ വേണ്ടിവന്നാൽ ബോംബ് നിർമ്മിക്കുമെന്ന് പറഞ്ഞ വ്യക്തിയാണ് കോടിയേരി. ഇരുവരുടെയും ഭാഷ കോർപ്പറേറ്റുകളുടേതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മന്ത്രിസഭയിലെ ഏറ്റവും വലിയ തമാശക്കാരനായി സജി ചെറിയാൻ മാറിയിരിക്കുകയാണ്. സമരത്തോട് എന്തിനാണ് സിപിഎമ്മിന് അസഹിഷ്ണുത. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം പദ്ധതിയോടുള്ള കേന്ദ്രനിലപാട് അനുകൂലമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇതിന് ശേഷം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷം ഉയർത്തിയ അതേ ആശങ്കയാണ് പങ്കുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments