നിങ്ങളുടെ ജീവിതം ഏറെ തിരക്കുപിടിച്ചതാണ്, ഒന്നിനും ഒരു സമയവുമില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ക്രിസ്റ്റീനയെക്കുറിച്ച് അറിയുന്നത് നല്ലതായിരിക്കും.. കാരണം തന്റെ 22 പൊടികുഞ്ഞുങ്ങളെ പരിപാലിക്കുന്നവളാണ് ക്രിസ്റ്റീന. 22ൽ ഭൂരിഭാഗം കുഞ്ഞുങ്ങളും രണ്ടോ അതിൽ താഴെയോ പ്രായമുള്ളവരാണെന്നതാണ് സവിശേഷത. അതെങ്ങനെ പോസിബിളാകുമല്ലേ.. എല്ലാ പ്രസവത്തിലും മൂന്ന് കുട്ടികൾ വീതം ഉണ്ടായിക്കാണുമെന്നാണോ എന്നെല്ലാം ചിന്തിച്ച് തലപുകയ്‌ക്കണ്ട.. സംഭവം ഇങ്ങനെയാണ്..
യുഎസിലെ ജോർജ്ജിയയിൽ സ്ഥിരതാമസമാക്കിയ ഒരു റഷ്യൻ വനിതയാണ് ക്രിസ്റ്റീന ഓസ്തുർക്ക്. അവൾക്കും അവളുടെ പങ്കാളി ഗാലിപ്പിനും ആകെ 23 കുട്ടികളാണ് ഉള്ളത്. ഇതിൽ 21 പേരും വാടക ഗർഭധാരണത്തിലൂടെ ജനിച്ചവരാണ്. 1,95,000 ഡോളർ തുക ചിലവിട്ടാണ് ദമ്പതികൾ 21 കുഞ്ഞുങ്ങളെ സ്വന്തമാക്കിയത്..
ഈയടുത്താണ് ക്രിസ്റ്റീനയുടെ സൂപ്പർ ബിഗ് ഫാമിലി ട്വിറ്ററിൽ വൈറലാകുന്നത്. ഇത്രയുമധികം കുഞ്ഞുങ്ങൾ എങ്ങനെയുണ്ടായെന്ന് ആദ്യം ഫോളോവേഴ്സിന് പിടികിട്ടിയിരുന്നില്ല. പിന്നീടാണ് കുട്ടികൾ വന്ന വഴി സോഷ്യൽ മീഡിയ അറിഞ്ഞത്. ക്രിസ്റ്റീനയുടെ മുൻ ബന്ധത്തിലുണ്ടായിരുന്ന ആറ് വയസുള്ള ഒരു മകളും ഗാലിപ്പിന്റെ ആദ്യ ബന്ധത്തിലെ ഒരു കുഞ്ഞുമാണ് ഇവരുടെ വീട്ടിലെ ആദ്യത്തെ കുട്ടികൾ. ശേഷമാണ് വാടക ഗർഭധാരണത്തിലൂടെ ഇരുവരും 21 കുട്ടികളെ കൂടി സ്വന്തമാക്കിയത്. ഇതോടെ ക്രിസ്റ്റീനയുടെയും ഗാലിപ്പിന്റെയും അണുകുടുംബം. എല്ലാവരും വിശേഷിപ്പിക്കുന്നതുപോലെ സൂപ്പർ ബിഗ് ഫാമിലിയായി മാറി..
നിങ്ങളൊന്നാലോചിച്ച് നോക്കൂ.. രണ്ട് വയസിന് താഴ പ്രായമുള്ള 21 കുട്ടികളുള്ള ഒരു വീട്.. നമുക്കറിയാം വീട്ടിൽ ഒരു കുഞ്ഞുണ്ടെങ്കിൽ തന്നെ പരിപാലിക്കാൻ എന്ത് പാടാണെന്ന്.. ഇരട്ടകുഞ്ഞുങ്ങൾ ഉള്ള വീടുകളാണെങ്കിൽ പറയുകയേ വേണ്ട.. അപ്പോ പിന്നെ ക്രിസ്റ്റീനയുടെ വീട്ടിലെ അവസ്ഥയെന്താകും.. 21 കുഞ്ഞുങ്ങളെ നോക്കാൻ 16 ആയമാരാണ് വീട്ടിലുള്ളത്. 16 മതിയോ എന്നാണ് ഇത് കേൾക്കുന്നവരുടെ പ്രതികരണം.
ക്രിസ്റ്റീനയോടെ എല്ലാവരും ചോദിക്കും ഇതെങ്ങനെ സാധിക്കുന്നുവെന്ന്, എങ്ങനെയാണ് ഇത്രയും കുഞ്ഞുങ്ങളുടെ അമ്മയാകുന്നതെന്ന്.. അപ്പോൾ ക്രിസ്റ്റീനയുടെ മറുപടി ഇങ്ങനെയാണ്.. എല്ലാ വീട്ടിലെയും അമ്മമാരെങ്ങനെയാണോ അതുപോലെ തന്നെയാണ് താൻ.. ഒരേയൊരു വ്യത്യാസം കുട്ടികളുടെ എണ്ണത്തിൽ മാത്രമാണെന്നും ക്രിസ്റ്റീന പറയുന്നു. കുട്ടികൾ വന്നതിന് ശേഷം ഒറ്റദിവസം പോലും തനിക്ക് ബോറടിച്ചിട്ടില്ലെന്നും അവൾ പറഞ്ഞു.
ക്രിസ്റ്റീനയുടെയും ഗാലിപ്പിന്റെയും വീട് ചെറിയൊരു ബംഗ്ലാവ് തന്നെയാണെന്നതാണ് മറ്റൊരു കാര്യം. മൂന്ന് നിലകളുള്ള അവരുടെ വീട്ടിൽ ഒരു റൂമിൽ മൂന്ന് കുട്ടികൾ എന്ന കണക്കിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.. എല്ലാ ആഴ്ചയും 20 വലിയ ഡയപ്പർ പാക്കറ്റുകളാണ് ഈ കുടുംബത്തിലേക്ക് വേണ്ടിവരുന്നത്. 53 പാക്കറ്റ് ബേബി ഫോർമുലയും കുഞ്ഞുങ്ങൾക്ക് വേണ്ടി ഓർഡർ ചെയ്യാറുണ്ട്. യുഎസിൽ സ്ഥിരതാമസമാക്കിയ ക്രിസ്റ്റീനയും ഭർത്താവും എപ്പോഴും വലിയ കുടുംബം തങ്ങൾക്ക് ഉണ്ടാകുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നവരായിരുന്നു. 100 കുട്ടികൾ വരെ തനിക്കുണ്ടാകുന്നതിനെക്കുറിച്ചും ക്രിസ്റ്റീന സ്വപ്‌നം കണ്ടിട്ടുണ്ടെന്ന് പറയുന്നു.
എന്നാൽ ഇനിയെന്താണ് അടുത്ത പരിപാടിയെന്നും അടുത്ത കുഞ്ഞ് എപ്പോഴാണെന്നും ചോദിക്കുന്നവരോട് ക്രിസ്റ്റീനയ്‌ക്ക് മറുപടിയുണ്ട്. തൽക്കാലം ഇനി മറ്റ് കുഞ്ഞുങ്ങൾ വേണമെന്ന ഉദ്ദേശ്യമില്ലെന്നാണ് യുവതിയുടെ നിലപാട്. ക്രിസ്റ്റീനയെന്ന അമ്മയുടെ ജീവിതവും ദിനചര്യകളും കണ്ട് ഇപ്പോഴും വിസ്മയത്തിലാണ് സോഷ്യൽ മീഡിയ..














