തൃശൂർ: പൊതുഗതാഗതവും വ്യാപാരവും സ്തംഭിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന പണി മുടക്കിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ജീവനക്കാർ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നു.
തൃശൂർ സർവീസ് സഹകരണ ബാങ്കിലാണ് ജീവനക്കാർ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് ജോലി ചെയ്യുന്നത്.സിപിഎം നേതാക്കളാണ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ.
അതേസമയം കമ്പ്യൂട്ടർ സർവ്വീസ് ചെയ്യുകയാണെന്നാണ് ബാങ്ക് സെക്രട്ടറിയുടെ വിശദീകരണം.ബാങ്കിന്റെ പ്രവർത്തനം നടക്കുന്നില്ലെന്നും ജീവനക്കാർ പണിമുടക്കുമായി സഹകരിക്കുകയാണെന്നും സെക്രട്ടറി വ്യക്തമാക്കി.
ബാങ്കിന്റെ രണ്ട് ഷട്ടറുകളും താഴിട്ട് പൂട്ടിയിരുന്നു.എന്നാൽ അകത്ത് ജീവനക്കാരുണ്ടെന്നറിഞ്ഞ് ബിജെപി പ്രവർത്തകരടക്കം പ്രതിഷേധവുമായി എത്തി. ഇതിന് പിന്നാലെ പോലീസ് എത്തി പരിശോധിച്ചു.
തുടർന്നാണ് സർവർ ഡൗണായതു കൊണ്ട് കമ്പ്യൂട്ടർ സർവ്വീസാണ് നടക്കുന്നതെന്ന വാദവുമായി ബാങ്ക് സെക്രട്ടറി എത്തിയത്. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് തുറന്ന കടകൾ വരെ നിർബന്ധിപ്പിച്ച് അടപ്പിച്ച് സമരം തുടരുന്നതിനിടെയാണ് സിപിഎം ഭരിക്കുന്ന ബാങ്കിലെ ജീവനക്കാർ ജോലിക്കെത്തിയത്.
Comments