മുംബൈ : കൊറോണ വ്യപനം കുറയുന്നതിനിടയിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കോളേജിലേക്ക് വരുന്ന വിദ്യാർത്ഥികൾ സർജിക്കൽ മാസ്‌ക് ധരിക്കണമെന്നാണ് കോളേജ് അധികൃതരുടെ നിർദ്ദേശം. 100 മില്ലീ ലിറ്റർ സാനിറ്റൈസറും കയ്യിൽ കരുതണം എന്നും നിർദ്ദേശമുണ്ട്. ഇല്ലെങ്കിൽ വിദ്യാർത്ഥികളെ കോളേജിനകത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. കൺസോർഷ്യം ഓഫ് മുംബൈ കോളേജസിന്റേതാണ് നിർണായക ഉത്തരവ്.
കോളേജുകൾ മാർഗനിർദ്ദേശം പുറപ്പെടുവിച്ചതോടെ വിദ്യാർത്ഥികൾ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുറയുകയും എല്ലാവരും സാധാരണ ജീവിതത്തിലേക്ക് വരാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് കോളേജ് അധികൃതർ അനാവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് എന്നാണ് ഇവരുടെ ആരോപണം. മുബൈയിലെയും എംഎംആറിലേയും വിദ്യാർത്ഥികളോടാണ് നിർദ്ദേശം.
എന്തുകൊണ്ടാണ് സർജിക്കൽ മാസ്‌ക് ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നത് എന്നും മറ്റ് മാസ്‌കുകൾ ഉള്ളവർ എന്ത് ചെയ്യുമെന്നും വിദ്യാർത്ഥികൾ ചോദിക്കുന്നു. എന്നാൽ മാസ്‌കിൽ തുല്യത കൊണ്ടുവരാനാണ് ഈ നീക്കമെന്ന് അധികൃതർ വിശദീകരിക്കുന്നു.
മാസ്‌കില്ലാതെ ജനങ്ങൾക്ക് പുറത്തിറങ്ങാമെന്ന് കഴിഞ്ഞ ദിവസമാണ് മഹാരാഷ്‌ട്ര സർക്കാർ സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹിയിലും ഇത് നടപ്പിലാക്കി. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.















