കൊല്ലം : സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകും വഴി റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണമാല പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിദ്യാർത്ഥികൾ മാതൃകയാവുകയാണ്. കൊല്ലം പത്തനാപുരത്താണ് സംഭവം. കടയ്‌ക്കാമൺ അംബേദ്കർ ഗ്രാമത്തിലെ കുട്ടികളായ അജിത്ത്, സായൂജ്, വിശാഖ്, രാഹുൽ എന്നിവരാണ് വഴിയിൽ നിന്നും ലഭിച്ച സ്വർണ്ണമാല തിരിച്ചേൽപ്പിച്ചത്. കുട്ടികളുടെ സത്യസന്ധത തുറന്നുകാട്ടിക്കൊണ്ട് കേരള പോലീസാണ് ഇവരുടെ വീഡിയോ പങ്കുവെച്ചത്.
പത്തനാപുരം നടുക്കുന്ന് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഈ കുട്ടികൾ. പത്താം ക്ലാസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് സ്‌കൂളിൽ നിന്നും വാങ്ങി തിരികെ വീട്ടിലേക്ക് വരുന്ന വഴിയിൽ കടയ്‌ക്കാമൺ ചെലവന്നൂർ പടിയിലുളള ‘പ്രയാഗ ‘ ഗാർഡന് സമീപം വച്ചാണ് ഒരു പവൻ തൂ ക്കമുളള സ്വർണ്ണ മാല കുട്ടികൾക്ക് കളഞ്ഞുകിട്ടിയത്. മറ്റൊന്നും ആലോചിക്കാതെ ഇവർ പോലീസിനെ ഫോണിൽ വിളിച്ച വിവരം അറിയിച്ചു. ശേഷം ഓട്ടോവിളിച്ച് സ്വർണ്ണമാല സ്റ്റേഷനിൽ എത്തിച്ച് നൽകുകയായിരുന്നു. ഉടമ സ്റ്റേഷനിൽ നിന്നും മാല ഏറ്റുവാങ്ങി.
‘വേറൊരാള് അദ്ധ്വാനിച്ച് വാങ്ങിയതല്ലേ സാറേ അപ്പോ ഞങ്ങള് സ്‌റ്റേഷനിൽ അറിയിച്ചു’ എന്നാണ് വിദ്യാർത്ഥികൾ പറഞ്ഞത്. മാല തിരികെ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു.
https://www.facebook.com/keralapolice/videos/388799123070328/















