ഇസ്ലാമാബാദ്: അവിശ്വാസപ്രമേയം തള്ളി പാകിസ്താൻ പാർലമെന്റ് പിരിച്ചുവിട്ടതിനെതിരായ ഹർജിയിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവില്ല. നാളെ 12 മണിക്ക് വാദം കേൾക്കുന്നത് തുടരുമെന്ന് കോടതി അറിയിച്ചു. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ, ഭരണഘടനാ പ്രതിസന്ധിയിലാണ് പാകിസ്താൻ.
ഇമ്രാൻ ഖാന് അനുകൂലമായ നടപടിയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാതെ അസംബ്ലി പിരിച്ചുവിടാനുള്ള അധികാരം സ്പീക്കർക്കുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഇജാസുൽ അഹ്സൻ, ജസ്റ്റിസ് മസർ ആലം ഖാൻ മിയാൻഖെൽ, ജസ്റ്റിസ് മുനിബ് അക്തർ, ജസ്റ്റിസ് ജമാൽ ഖാൻ മണ്ടോഖൈൽ എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി പാർലമെന്റ് പിരിച്ചുവിട്ട നടപടി പരിശോധിക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷവും ഇക്കാര്യത്തിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ പാർലമെന്റ് നിയന്ത്രിച്ച സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമല്ലെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി. ഇതിനോട് യോജിക്കുന്ന നിലപാടാണ് ഇന്ന് സുപ്രീം കോടതിയും എടുത്തത്. പാർലമെന്റിലെ നടപടികൾ ചോദ്യം ചെയ്യാനാകില്ലെന്ന് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയും പറഞ്ഞു.
ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താൻ പ്രസിഡഡന്റ് ആരിഫ് ആൽവിയോട് ഇമ്രാൻ ഖാൻ ശുപാർശ ചെയ്യുകയും ചെയ്തു. പാർലമെന്റും മന്ത്രിസഭയും പിരിച്ചുവിട്ടു. കെയർടേക്കർ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരുമെന്നും അറിയിച്ചു. ഇതിനെതിരെയാണ് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ നാളെ സുപ്രീം കോടതി വിധിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
Comments