ഭോപ്പാൽ: പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി അസംപോലീസ്. ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെയാണ് പോലീസ് എൻകൗണ്ടറിലൂടെ കീഴ്പ്പെടുത്തിയത്. 56 വയസ്സുള്ള മൊഹിം ബോറയാണ് കേസിലെ പ്രതി. വെടിവെപ്പിൽ പരിക്കേറ്റ ഇയാളെ തെസ്പൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അറസ്റ്റിലായതിന് പിന്നാലെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു മൊഹിം. രാത്രിയാണ് ഇയാളെ പോലീസ് പിടികൂടുന്നത്. പിന്നാലെ പോലീസിനെ ആക്രമിച്ച ശേഷം രക്ഷപെടുകയായിരുന്നു. വെടിവെയ്ക്കുമെന്ന മുന്നറിയിപ്പ് നൽകി പോലീസ് ആകാശത്തേയ്ക്ക് മൂന്ന് തവണ നിറയൊഴിച്ചിരുന്നു. എന്നാൽ ഇയാൾ പോലീസിന്റെ മുന്നറിയിപ്പിന് വിലനൽകാതെ ഓട്ടം തുടർന്നു.
പിന്നാലെ പോലീസ് മുട്ടിന് താഴെ വെടിയുതിർക്കുകയായിരുന്നു. പീഡന വിവരം പുറത്തുവന്നതോടെ ഇയാൾക്കെതിരെ നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഗ്രാമവാസികൾ ഇയാളെ മർദ്ദിക്കുകയും മുഖത്ത് ചായം പൂശുകയും കഴുത്തിൽ ചെരുപ്പ് മാല ഇടുകയും ചെയ്തു. ഇതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയത്. പോക്സോ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments