ന്യൂഡൽഹി: രാജസ്ഥാനിലെ കരൗളി അക്രമത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പൊലീസിന്റെ അനാസ്ഥ വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. അക്രമം തടയാൻ പൊലീസ് കാര്യമായോന്നും ചെയ്തില്ല എന്നു വ്യക്തമാക്കുന്നതാണ് വീഡിയോ.
മൂന്ന് ദിവസമായി പോലീസ് ഉറങ്ങുകയായിരുന്നുവെന്നും കലാപകാരികളെല്ലാം ഓടിപ്പോയെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.
രാജസ്ഥാനിലെ കരൗലി ജില്ലയിൽ ശനിയാഴ്ച മുസ്ലീം ആധിപത്യമുള്ള പ്രദേശത്തുകൂടി കടന്നുപോകുകയായിരുന്ന മോട്ടോർ സൈക്കിൾ റാലിക്ക് നേരെ കല്ലേറുണ്ടായ സംഭവം തടയുന്നതിൽ പൊലീസിന് വീഴ്ചപറ്റിയതായാണ് വീഡിയോ വ്യക്തമാക്കുന്നത്.
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), രാഷ്‌ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്), ബജ്‌റംഗ്ദൾ എന്നിവയുൾപ്പെടെയുള്ള വലതുപക്ഷ സംഘടനകൾ നവ സംവത്സർ എന്നറിയപ്പെടുന്ന ഹിന്ദു പുതുവർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് റാലിനടത്തിയത്. അക്രമികൾ റാലിക്കെതിരെ കല്ലെറിഞ്ഞു. ഇത് സംഘർഷത്തിന് ഇടയാക്കി. അക്രമം തടയുന്നതിൽലപൊലീസിന് വീഴ്ച സംഭവിച്ചു. അക്രമത്തിൽ 35 ഓളം പേർക്ക് പരിക്കേറ്റു. പൊലീസിന്റെ വീഴ്ച അക്രമത്തിന്റെ വ്യാപ്തി വർധിപ്പിച്ചു വർഗീയകലാപത്തിലേക്ക് അക്രമം വ്യാപിക്കാൻ പൊലീസ് അനാസ്ഥ കാരണമായി.
അക്രമസംഭവത്തിൽ ഇതുവരെ 40-ലധികം പേരെ അറസ്റ്റ് ചെയ്തു. വർഗീയ സംഘർഷങ്ങൾ അന്വേഷിക്കാൻ അഡീഷണൽ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.ക്രമസമാധാന നില കണക്കിലെടുത്ത് ഏപ്രിൽ 7 വരെ അക്രമ ബാധിത ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി. വർഗീയ സംഘർഷത്തിനിടെ വീടുകൾക്കും കടകൾക്കും തീയിട്ടു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ പോലീസ് സ്റ്റേഷൻ തലത്തിലും കുറ്റവാളികളെ കണ്ടെത്തണമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നിർദേശിച്ചു.
കരൗളി പോലൊരു സംഭവം മറ്റൊരിടത്തും ഉണ്ടാകാതിരിക്കാൻ പൊലീസ് ക്രിയാത്മകമായി ഇടപെടണമെന്നും സമാധാനം നിലനിർത്താൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിറ്റി ലെയ്സൺ ഗ്രൂപ്പുകളുടെ (സിഎൽജി) സഹായത്തോടെ വിവിധ സമുദായങ്ങൾക്കിടയിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കമ്മ്യൂണിറ്റി പോലീസിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.12,000 ത്തോളം പോലീസുകാരെ വിന്യസിപ്പിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.
Comments