മുംബൈ: ഐപിഎല്ലിൽ ആദ്യ വിജയം ലക്ഷ്യമിട്ട് എംസിഎ സ്റ്റേഡിയത്തിലെത്തിയ മുംബൈ ഇന്ത്യൻസിന് നിരാശയോടെ മടക്കം. നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ പടുത്തുയർത്തിയ 162 എന്ന വിജയ ലക്ഷ്യം 24 ബോൾ ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേസ് അനായാസം സ്വന്തമാക്കുകയായിരുന്നു. 15 ബോളിൽ 56 റൺസ് എടുത്ത് പുറത്താവാതെ നിന്ന് പാറ്റ് കമ്മിൻസാണ് കളിയിലെ താരം.
41 ബോളിൽ 50 റൺസ് എടുത്ത വെങ്കടേഷ് അയ്യരും കൊൽക്കത്തയുടെ വിജയത്തിലെ നിർണായക ഘടകമായി. തുടക്കത്തിൽ 11 ബോളിൽ 7 റൺസ് എടുത്ത് അജിൻക്യാ രഹാനെയും 6 ബോളിൽ 10 റൺസ് എടുത്ത ശ്രേയസ് അയ്യരും നിരാശയ്ക്ക് കാരണമായെങ്കിലും കളിയുടെ അവസാന ഓവറുകളിൽ കൊൽക്കത്ത മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു.
ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട മുംബൈയുടെ ക്യാപ്റ്റൻ രോഹിത് ശർമ 12 പന്തിൽ നിന്ന് വെറും മൂന്ന് റൺസുമായി മടങ്ങിയത് ആരാധകരെ നിരാശരാക്കി.രോഹിത്തിന് പിന്നാലെ ഡോവാൾ ബ്രെവിസ് 19 പന്തിൽ നിന്ന് 29 റൺസ് എടുത്ത് മുന്നേറുന്ന താരത്തെ വരുൺ ചക്രവർത്തി കീഴടക്കുകയായിരുന്നു. 22 പന്തിൽ നിന്ന് 14 റൺസ് എടുത്ത് ഇഷാൻ കിഷൻ പുറത്തായതോടെ മുംബൈ ആരാധകരുടെ വിജയ പ്രതീക്ഷ മങ്ങുകയായിരുന്നു.
എന്നാൽ അവസാന ഓവറുകളിൽ ടീം ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയായിരുന്നു. സൂര്യകുമാർ യാദവും തിലക് വർമ്മയും ചേർന്ന് 83 റൺസ് എടുത്ത് പ്രതീക്ഷ ഉയർത്തി. 36 പന്തിൽ നിന്ന് 52 റൺസ് നേടിയാണ് യാദവിന്റെ വിക്കറ്റ് തെറിച്ചത്. അവസാന ഓവറിൽ ക്രീസിലെത്തിയ പൊള്ളാർഡ് മൂന്ന് സിക്സറുൾപ്പടെ അവസാന അഞ്ച് പന്തിൽ നിന്ന് 23 റൺസ് എടുത്താണ് 161 എത്തിച്ചത്
Comments