പാറ്റ്‌ന: ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻഡിഎയ്‌ക്ക് 13 സീറ്റുകളിൽ വിജയം. ആകെ 24 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 534 പോളിംഗ് ബൂത്തുകളിലായി 1.32 ലക്ഷം വോട്ടർമാർ ചേർന്നാണ് 185 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിച്ചത്.
അതേസമയം പ്രതിപക്ഷ കക്ഷിയായ രാഷ്‌ട്രീയ ജനതാദളിന് (ആർജെഡി) ആറ് സീറ്റുകൾ മാത്രമാണ് നേടാനായത്. നാല് സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികൾ നേടിയപ്പോൾ ഒരെണ്ണം മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.
ബിജെപി, ജനതാദൾ (യുണൈറ്റഡ്), രാഷ്‌ട്രീയ ലോക് ജനശക്തി പാർട്ടി എന്നിവർ ചേർന്ന സഖ്യത്തോടൊപ്പമാണ് സംസ്ഥാനത്ത് എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 12 സ്ഥാനാർത്ഥികളെ ബിജെപിയും, ജനതാദൾ(യുണൈറ്റഡ്) 11 പേരെയും, രാഷ്‌ട്രീയ ലോക് ജനശക്തി പാർട്ടി ഒരാളെയും മത്സരിപ്പിച്ചു. എൻഡിഎ നേടിയ 13 സീറ്റിൽ ഏഴിലും ബിജെപിയാണ് വിജയിച്ചത്. 5 സീറ്റ് ജെഡിയുവും 1 സീറ്റ് ആർഎൽജെപിയും നേടി.
ജാതിസമവാക്യത്തിന് ഏറെ പ്രാധാന്യമുള്ള ബിഹാർ എം.എൽ.സി തിരഞ്ഞെടുപ്പിൽ ഭൂമിഹാർ, രജപുത്ര വിഭാഗക്കാരാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്. രണ്ട് വിഭാഗത്തിലും ആറ് വീതം സ്ഥാനാർത്ഥികൾ വിജയിച്ചു. ഔറംഗബാദ്, റോഹ്താസ്, ഭഗൽപൂർ, ഈസ്റ്റ് ചമ്പാരൻ, സഹർസ, മുസാഫർപൂർ എന്നിവിടങ്ങളിലാണ് രജപുത്ര വിഭാഗക്കാർ പ്രധാനമായും വിജയിച്ചത്.
വൈശാലി, നവാദ, നളന്ദ, മധുബനി, ഗയ എന്നിവിടങ്ങളിൽ യാദവ സമുദായത്തിൽപ്പെട്ടവരും വിജയിച്ചു. അതേസമയം ആറ് ജില്ലകൾ തൂത്തുവാരിയത് വൈശ്യ സമുദായത്തിൽപ്പെട്ടവരാണ്.
Comments