ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് ശശി തരൂർ. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിർദ്ദേശിച്ചത് കൊണ്ട് മാത്രമാണ് പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. കെ.വി തോമസിന്റെ തീരുമാനത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, സോണിയ ഗാന്ധി നിർദ്ദേശിച്ചത് കൊണ്ട് മാത്രമാണ്, പങ്കെടുക്കാതെ ഇരുന്നത്. പാർട്ടിയുടെ വിലക്ക് ലംഘിച്ച്, സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കുന്നില്ല. അതിനെ കുറിച്ച് ഒന്നും തന്നെ പറയാനില്ല’ ശശി തരൂർ തുറന്നടിച്ചു.
അതേസമയം, വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസിയുടെ ആവശ്യം. സെമിനാറിൽ പങ്കെടുത്ത് പാർട്ടി വിരുദ്ധ നിലപാടാണ് കെ.വി തോമസ് സ്വീകരിച്ചത്. ഇതിലൂടെ അച്ചടക്ക ലംഘനമാണ് കെ.വി തോമസ് നടത്തിയത്. മുൻകൂട്ടിയുള്ള തിരക്കഥ പ്രകാരമാണ് അദ്ദേഹം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതെന്നും, ഒരു വർഷമായി ഇത് സംബന്ധിച്ച് സിപിഎം നേതാക്കളുമായി ചർച്ചയിലായിരുന്നു എന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആരോപിച്ചു. കെ.വി തോമസിന് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
Comments