തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നില വഷളാകുന്നു എന്നത് വളരെ അധികം ആശങ്കയുണ്ടാക്കുന്നു എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പാലക്കാട് ആർഎസ്എസ് നേതാവിന്റെ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാഹചര്യം വഷളാകുമ്പോൾ ഫെഡറൽ തത്വങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നിയമാനുസൃതമായ മാർഗത്തിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
‘കേരളത്തിലെ ക്രമസമാധാന നില വഷളാകുന്നു എന്നത് വളരെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സംസ്ഥാന പോലീസിന്റെ പിടിപ്പുകേട് മൂലമാണ് അക്രമ സംഭവങ്ങൾ തുടർക്കഥയാകുന്നത്. തിരുവനന്തപുരത്തെ ഗുണ്ടാ ആക്രമണങ്ങളും, രാഷ്‌ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങളുമെല്ലാം പോലീസിന്റെ പിടിപ്പുകേട് മൂലമാണ് വർദ്ധിച്ചുവരുന്നത്. സംസ്ഥാന മുഖ്യമന്ത്രി നേരിട്ട് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു സംസ്ഥാനത്ത് ഇത്രയും കുത്തഴിഞ്ഞ രീതിയിൽ പോലീസിന്റെ കാര്യങ്ങൾ നീങ്ങുന്നു എന്നുള്ളത് ഏറ്റവും ആശങ്കയണ്ടാക്കുന്നു.’എന്ന് വി മുരളീധരൻ ആരോപിച്ചു.
എന്തുകൊണ്ടാണ് കേരളത്തിൽ നിരന്തരമായി അക്രമങ്ങളും, രാഷ്‌ട്രീയ കൊലപാതകങ്ങളും നടക്കുന്നു എന്നുള്ള ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം പറയണം. രാഷ്‌ട്രീയ അക്രമങ്ങൾക്ക് പരിഹാരം കാണേണ്ടത് പോലീസാണ്. സാഹചര്യം വഷളാകുമ്പോൾ ഫെഡറൽ തത്വങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നിയമാനുസൃതമായ മാർഗത്തിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇന്നലത്തെ കൊലപാതകത്തിൽ ബിജെപിയ്‌ക്കും ആർഎസ്എസ്സിനും പങ്കില്ല. ഇന്നലത്തെ സംഭവത്തിന്റെ തുടർച്ചയാണ് ഇന്നത്തേത് എന്നത് ദുർവ്യാഖ്യാനമാണെന്നും മന്ത്രി പറഞ്ഞു.
ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പോലീസിന് നേരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ. കടയിൽ കയറിയാണ് വെട്ടിയത്. തുരുതുരാ വെട്ടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി നൽകിയ മൊഴി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിക്കുന്നുണ്ട്. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കൊലയ്‌ക്ക് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി വ്യക്തമാക്കി.
















Comments