അമരാവതി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 70 പേർ ചേർന്ന് പീഡിപ്പിച്ചു. 13 കാരിയായ പെൺകുട്ടിയെ എട്ട് മാസത്തിനിടെയാണ് 70 പേർ പീഡിപ്പിച്ചത്. സംഭവത്തിൽ 74 പേർക്കെതിരെ പോലീസ് കേസെടുത്തു. സെക്‌സ് റാക്കറ്റ് സംഘമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് എന്ന് പോലീസ് അറിയിച്ചു.
ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. ജനുവരിയിൽ കൊറോണ ബാധിച്ച് കുട്ടിയ്‌ക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് ആശുപത്രിയിൽ എത്തിയ സ്വർണ കുമാരി എന്ന സ്ത്രീ കുട്ടിയെ എടുത്ത് വളർത്തി. കുട്ടിയുടെ അച്ഛനോട് പോലും ചോദിക്കാതെയാണ് ഇവർ 13 കാരിയെ കൊണ്ട് പോയത്. തുടർന്ന് ഇവർ കുട്ടിയെ സെക്‌സ് റാക്കറ്റിന് വിൽക്കുകയായിരുന്നു.
സംഘത്തിലെ ആളുകൾ കുട്ടിയെ പീഡിപ്പിക്കുകയും മറ്റുളളവർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. ആന്ധ്രയിലും തെലങ്കാനയിലും വെച്ച് കുട്ടിയെ മാറി മാറി പീഡനത്തിന് ഇരയാക്കി. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജനുവരിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണത്തനൊടുവിൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇവർ കുട്ടിയെ കണ്ടെത്തി.
സ്വർണ കുമാരിയാണ് കേസിലെ പ്രധാന പ്രതി. 10 ബി ടെക്ക് വിദ്യാർത്ഥികൾ ഉൾപ്പെടെ പെൺകുട്ടിയെ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ചിലർ ലണ്ടനിലേക്ക് കടന്നതായും തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Comments