ഗുവാഹത്തി ; ഗുവാഹട്ടി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കാവിക്കൊടി പാറിച്ച് ബിജെപി. 60 ൽ 58 സീറ്റുകൾ തൂത്തുവാരിക്കൊണ്ടാണ് ബിജെപി സഖ്യം ഭരണം പിടിച്ചെടുത്തത്. ബിജെപി 52 സീറ്റ് നേടിയപ്പോൾ സഖ്യകക്ഷിയായ അസം ഗണപരിഷദ് 6 സീറ്റ് നേടി. എന്നാൽ സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.
കഴിഞ്ഞ തിഞ്ഞെടുപ്പുകളിലെല്ലാം മോശം പ്രകടനം കാഴ്ചവെച്ച കോൺഗ്രസ് ഗുവാഹട്ടി മുൻസിപ്പൽ തിരഞ്ഞെടുപ്പിലും നിർഭാഗ്യകരമായി പരാജയപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി പൂജ്യം സീറ്റിൽ ഒതുങ്ങുകയായിരുന്നു. അതേസമയം ആം ആദ്മിയും അസമിലെ പ്രാദേശിക പാർട്ടിയായ അസം ജാതീയ പാർട്ടിയും ഓരോ സീറ്റ് വീതം നേടി.
ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദിയറിയിച്ചുകൊണ്ട് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ രംഗത്തെത്തി. ‘ബിജെപിക്കും സഖ്യകക്ഷിക്കും ചരിത്ര വിജയം നേടിത്തന്ന ജനങ്ങൾക്ക് മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അസമിന്റെ വികസനക്കുതിപ്പിൽ ജനങ്ങൾ വിശ്വാസം അർപ്പിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിജയം. ‘ മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളോട് നന്ദി രേഖപ്പെടുത്തി. ഹിമന്ത ബിസ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കഠിനാധ്വാനത്തെ ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണെന്നും അതിന് വേണ്ടി പ്രവർത്തിച്ച ഓരോ ബിജെപി പ്രവർത്തകനും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗുവാഹട്ടിയിൽ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടക്കുന്നത്. 53 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നത്. അസം ഗണപരിഷദ് 7 സീറ്റുകളിൽ മത്സരിച്ചു. കോൺഗ്രസ് 55 സീറ്റുകളിലും ആം ആദ്മി പാർട്ടി 39 സീറ്റുകളിലുമാണ് മത്സരിച്ചത്.
Comments