ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയിൽ നിന്ന് രാജീവ് ഗാന്ധിയുടെ പെയിന്റിങ് രണ്ട് കോടി രൂപയ്ക്ക് വാങ്ങാൻ താൻ നിർബന്ധിതനായെന്ന യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂറിന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനാണ് അദ്ദേഹം ഇത് സംബന്ധിച്ച മൊഴി നൽകിയത്. ഈ വാർത്തയ്ക്ക് സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശീയ വക്താവ് ആർപി സിംഗ്. ചിത്രം വാങ്ങിയതിന് ശേഷം റാണ കപൂറിന് പ്രിയങ്ക ഗാന്ധി അയച്ച കത്ത് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. 2020 മാർച്ചിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ റാണ കപൂർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പ്രിയങ്ക ഗാന്ധിയിൽ രണ്ടു കോടി വില വരുന്ന ചിത്രം വാങ്ങാൻ കോൺഗ്രസ് നേതാവായ മുരളി ദേവ്റ നിർബന്ധിച്ചെന്നാണ് റാണ കപൂർ ഇഡി ചോദ്യം ചെയ്യലിൽ മൊഴി നൽകിയത്. ചിത്രം വാങ്ങാൻ താത്പര്യം ഇല്ലായിരുന്നു. എന്നാൽ ഈ വിലയ്ക്ക് പെയിന്റിങ് വാങ്ങിയാൽ പത്മ പുരസ്കാരം കിട്ടാൻ സഹായിക്കുമെന്ന് മുരളി ദേവ്റ ഉറപ്പ് നൽകി. ഈ തുക സോണിയഗാന്ധിയുടെ ചികിത്സയ്ക്കായാണ് ഉപയോഗിച്ചത്. എന്നാൽ തനിക്ക് പത്മപുരസ്കാരം കിട്ടിയില്ലെന്നും റാണ പറഞ്ഞതായി ഇഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഈ മൊഴി സാധൂകരിക്കുന്ന കത്താണ് ആർപി സിംഗ് പുറത്ത് വിട്ടത്.
पकड़े गए चोर। pic.twitter.com/uDR91cmfqG
— RP Singh National Spokesperson BJP (@rpsinghkhalsa) April 24, 2022
എംഎഫ് ഹുസൈൻ വരച്ച പെയിന്റിംഗാണിത്. രാജീവ് ഗാന്ധിയുടെ ഛായാചിത്രം വാങ്ങിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രിയങ്ക ഗാന്ധി ഒപ്പിട്ട കത്ത് റാണാ കപൂറിന് നൽകിയിരിക്കുന്നത്. തന്റെ കൈവശമുള്ള പെയിന്റിങ് വാങ്ങിയതിന് നന്ദി പറയുന്നതിന് പുറമെ രണ്ട് കോടി രൂപ കൈപ്പറ്റിയെന്നും പ്രിയങ്ക കത്തിൽ പറയുന്നുണ്ട്. അനുയോജ്യമായ സമയത്താണ് പെയിന്റിങ് വാങ്ങിയതെന്നും, താൻ ചെയ്തത് നല്ല പ്രവൃത്തിയാണെന്നും സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ തന്നോട് പറഞ്ഞതായും റാണ കപൂർ ഇഡിയ്ക്ക് മൊഴി നൽകിയിട്ടുണ്ട്.
Comments