തിരുവനന്തപുരം : ക്ലീൻ ബസ് ഇൻ യൂറോപ് ഇന്റർനാഷണൽ കോൺഫറൻസിൽ ഗതാഗതസെക്രട്ടറിയെന്ന നിലയിലാണ് ബിജു പ്രഭാകർ പങ്കെടുക്കുന്നതെന്ന് ഗതാഗതസെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കും കെഎസ്ആർടിസി ജീവനക്കാർക്കും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാർത്തകൾ വരികയും നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസിയുടെ പണം എടുത്താണ് സിഎംഡി പോകുന്നത് എന്ന തരത്തിലുള്ള പ്രചരണം ഉള്ള സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പ്രസ്താവന പുറത്തിറക്കുന്നതെന്നും ഗതാഗതസെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.
കേരള ഗതാഗത സെക്രട്ടറിയെക്കൂടാതെ ഇന്ത്യയിലെ അഞ്ചോളം സംസ്ഥാനങ്ങളിൽ നിന്നുള്ള ഗതാഗതവകുപ്പിലേയും പൊതുമേഖലാസ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ടെന്നും ഗതാഗതസെക്രട്ടറിയുടെ പ്രസ്താവനയില് പറയുന്നു.
നെതർലാൻഡ്സിലെ ആംസ്റ്റർഡാമിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ പങ്കെടുക്കുന്നതിനുവേണ്ടി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗതാഗത സെക്രട്ടറിമാർ, ട്രാൻസ്പോർട്ട് കമ്മീഷണർമാർ, പൊതുമേഖലയിൽ ഉള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ സിഇഒമാർ തുടങ്ങിയവർക്ക് വളരെ നേരത്തെ തന്നെ ക്ഷണം ലഭിച്ചതാണ് . ജി.എ.ഡിയിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് ഈ കോൺഫറൻസിൽ പങ്കെടുക്കുന്നതെന്നും ഓഫീസ് വ്യക്തമാക്കി.
സാധാരണ ഡെലിഗേറ്റിന് 1200 യൂറോയാണ് ഫീസ്. എന്നാൽ, പ്രത്യേക ക്ഷണമുള്ള സർക്കാർ പ്രതിനിധികൾക്ക് ഡിസ്കൗണ്ട് ഫീസായ 475 യൂറോ നൽകിയാൽ മതി. ഇത് അനുസരിച്ച് ക്ഷണം ലഭിച്ചപ്പോൾ ഗതാഗത / നഗരകാര്യ സെക്രട്ടറി എന്ന നിലയിലാണ് ബിജു പ്രഭാകറിന് സംസ്ഥാനസർക്കാർ കോൺഫറൻസിൽ പങ്കെടുക്കാൻ അനുവാദം നൽകിയത്.
ഒരു ബസ് വാങ്ങുന്നത് 15 വർഷത്തിലേക്കാണ്. അത് വാങ്ങുന്നതിന് മുൻപ് ഇതിന് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതിന്റെ ടെക്നോ, എക്ണോമിക് ഫീസിബിലിറ്റി മനസിലാക്കുന്നതിന് ഇത്തരത്തിലുള്ള രാജ്യാന്തര കോൺഫറൻസുകൾ ഗുണകരമാകുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
ബസ് വാങ്ങുന്നതിന്റെ നയരൂപീകരണം, ക്ലീൻ ഇന്ധനത്തിലുള്ള ബസുകളുടെ നിലവാരം, ബസുകളുടെ വാങ്ങൽ പ്രക്രിയ, സാമ്പത്തികസ്രോതസുകൾ, നിയമസാങ്കേതിക വശങ്ങൾ, നൂതന സാങ്കേതികവിദ്യ, പ്രവർത്തന കാലഘട്ടത്തിലെ വരുമാനത്തെക്കുറിച്ചും, ചെലവിനെക്കുറിച്ചുമുള്ള വിശകലനം, ട്രാൻസ്പോർട്ട് അതോറിറ്റി ഓപ്പറേറ്റീവ്, വെന്റേഴ്സ്, ഇങ്ങനെ വളരെയധികം കാര്യങ്ങൾ മനസിലാക്കാൻ ഇത്തരത്തിലുള്ള കോൺഫറൻസ് കൊണ്ട് പ്രയോജനമുണ്ടാകും.
ബയോ ഗ്യാസ്, ബയോ ഡീസർ , എൽപിജി, എൽഎൻജി, ഗ്യാസ് ലിക്വിഡ്, ഹൈഡ്രോ ട്രീറ്റഡ് വെജിറ്റബിൽ ഓയിൽ , ബയോ മാസ്റ്റിഡ് ലിക്വിഡ്, ബയോ എത്തനോൽ, ഹൈഡ്രജൻ, സിഎൻജി, ഇലക്ട്രിക് തുടങ്ങിയ വിവിധ തരത്തിലുള്ള സമാന്തരമായ ഇന്ധനങ്ങൾ ബസുകളിൽ ഉപയോഗിക്കുന്നുണ്ട്. ഇതിനെ കുറിച്ച് മനസിലാക്കാനുള്ള ചർച്ചയും കോൺഫറൻസിൽ നടക്കും.
Comments