ന്യൂഡൽഹി : സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ആയ ബ്രഹ്മോസിന്റെ കപ്പൽ വേധ പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി നാവിക സേന. ആൻഡമാൻ നിക്കോബാറിലായിരുന്നു പരീക്ഷണം. ലക്ഷ്യം കൃത്യമായി ഭേദിച്ച് മിസൈൽ പരീക്ഷണം വിജയകരമായതായി നാവിക സേന ട്വിറ്ററിലൂടെ അറിയിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും നാവിക സേന പങ്കുവെച്ചിട്ടുണ്ട്.
വെളളത്തിൽ ലക്ഷ്യം സ്ഥാപിച്ചുകൊണ്ടായിരുന്നു നാവിക സേനയുടെ പരീക്ഷണം. കരയിൽ നിന്നും വിക്ഷേപിച്ച മിസൈൽ ലക്ഷ്യം കൃത്യമായി ഭേദിച്ചായിരുന്നു മികവ് തെളിയിച്ചത്. മിസൈലിന്റെ കൂടുതൽ പരീക്ഷണങ്ങൾ വരും ദിവസത്തിലും തുടരും.
കഴിഞ്ഞ ആഴ്ച വ്യോമസേന സുഖോയ് യുദ്ധ വിമാനത്തിൽ നിന്നുള്ള ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ മാസം ബ്രഹ്മോസിന്റെ നവീകരിച്ച പതിപ്പിന്റെ പരീക്ഷണം ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേന സംഘടിപ്പിച്ചിരുന്നു.
Comments