പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ സംഘടനയുടെ പ്രവർത്തന രീതിയെയും സാമൂഹ്യ വിരുദ്ധ ശക്തികളുടെ സാന്നിധ്യത്തെയും ശക്തമായി വിമർശിച്ച് പ്രതിനിധികൾ. സംഘടനയിൽ ലഹരിമരുന്ന്, ക്വട്ടേഷൻ സംഘങ്ങളുടെ കടന്നുകയറ്റം ഉണ്ടെന്നും ഡിവൈഎഫ്‌ഐയുടെ പേര് മറയാക്കി ചിലയിടങ്ങളിൽ സാമൂഹിക വിരുദ്ധർ സംഘടനയിൽ പ്രവർത്തിക്കുന്നുവെന്നും പൊതുചർച്ചയിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
സംസ്ഥാന സമ്മേളനത്തിൽ മുഹമ്മദ് റിയാസിനും എ.എ റഹീമിനും ഉൾപ്പെടെ എതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ലഹരിമാഫിയകൾ സംഘടനയെ മറയാക്കുന്നതായി പ്രതിനിധികൾ ആശങ്ക പങ്കുവെച്ചത്. മുഹമ്മദ് റിയാസ്, എ.എ റഹിം, എസ് സതീഷ് എന്നിവരടങ്ങുന്ന കോക്കസ് ആണ് സംഘടനയെ നയിക്കുന്നതെന്ന് പ്രതിനിധികൾ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ ഡിവൈഎഫ്‌ഐ നേതാവായ മനു തോമസിനെതിരെ രംഗത്ത് വന്ന അർജ്ജുൻ ആയങ്കിയെ തളളി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉൾപ്പെടെ അർജ്ജുൻ ആയങ്കിയും കൂട്ടരും ക്വട്ടേഷൻ സംഘങ്ങളാണെന്ന തുറന്നടിക്കലും നടത്തിയിരുന്നു.
മനു തോമസിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി പോലീസിലും പരാതി നൽകിയിരുന്നു. ക്വട്ടേഷൻ ലഹരി മാഫിയ സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് ഈ പരാതിയിലും എടുത്തു പറഞ്ഞിരുന്നു.
ഡിവൈഎഫ്‌ഐയെ മറയാക്കി ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന മനു തോമസിന്റെ വാക്കുകളാണ് അർജ്ജുൻ ആയങ്കിയെ ചൊടിപ്പിച്ചത്. ഡിവൈഎഫ്‌ഐ മുൻ ജില്ലാ അദ്ധ്യക്ഷനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമാണ് മനു തോമസ്. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് സംഘടനയുടെ സംസ്ഥാന സമ്മേളനവും ഈ വിമർശനങ്ങൾ ഏറ്റുപിടിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഇന്നലെയാണ് പത്തനംതിട്ടയിൽ ആരംഭിച്ചത്.
Comments