കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടതായി മന്ത്രി പി. രാജീവിന്റെ വെളിപ്പെടുത്തൽ. ഡബ്ല്യൂസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്‌ച്ചയിലാണ് ഇക്കാര്യം പറഞ്ഞതെന്ന് മന്ത്രി വെളിപ്പെടുത്തി. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ച ഡൽഹിയിൽ നടന്ന പരിപാടിയിലാണ് രാജീവിന്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ചാണ് രാജീവ് ഡൽഹിയിലെത്തിയത്.
ഡബ്ല്യൂസിസിയുമായി താൻ ചർച്ച നടത്തിയെന്നും റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടെന്നുമാണ് മന്ത്രി പറഞ്ഞത്. കമ്മീഷൻ എൻക്വയറി ആക്ട് പ്രകാരം അല്ലാത്തതിനാൽ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിർബന്ധമില്ല. റിപ്പോർട്ട് സർക്കാർ പൂഴ്‌ത്തിവെച്ചിരിക്കുന്നുവെന്ന് ഡബ്ല്യൂസിസി തന്നെ ആരോപിക്കുന്നതിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യവുമായി ബന്ധപ്പെട്ട് പഠനം നടത്തി സ്ത്രീ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകാനാണ് സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഡബ്ല്യൂസിസി അടക്കം റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് റിപ്പോർട്ട് പഠിച്ച് നടപ്പാക്കാൻ ഉന്നതതല ഉദ്യോഗസ്ഥ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു.
2018 മെയ് മാസത്തിലാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ മൂന്നംഗസമിതി രൂപീകരിച്ചത്. ജസ്റ്റീസ് ഹേമ, റിട്ടയേർഡ് ഐഎഎസ് ഓഫീസർ കെബി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ. 2020 ജനുവരിയിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഇതുവരെ സർക്കാർ ഈ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
Comments