ഇന്ത്യയും യു.എ.ഇയും ഒപ്പു വെച്ച സമഗ്ര സഹകരണ-സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നു. കരാറിന് ശേഷം ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള ആദ്യ ചരക്ക് നീക്കം ഡൽഹിയിൽ വാണിജ്യ സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യം ഫ്ലാഗ് ഓഫ് ചെയ്തു. എണ്ണയിതര മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ശരാശരി 3 ലക്ഷം കോടിയോളം രൂപയുടെ വ്യപാരം 5 വർഷത്തിനുള്ളിൽ ഏഴരലക്ഷം കോടിക്കു മുകളിൽ എത്തിക്കുകയാണു കരാറിന്റെ ലക്ഷ്യം.
കരാർ നിലവിൽ വന്നതോടെ ഇരുരാജ്യങ്ങളിലേക്കുമുള്ള അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ഇന്ന് മുതൽ ഒഴിവായി. ഭക്ഷ്യവസ്തുക്കൾ മുതൽ ചികിത്സാ ഉപകരണങ്ങൾക്ക് വരെ അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കും. നിലവിൽ ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉൽപ്പന്നങ്ങൾക്കും ഈ ഇളവ് ബാധകമായിരിക്കും. കസ്റ്റംസ് തീരുവയിൽ നിന്ന് എല്ലാ ഉൽപ്പന്നങ്ങളെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കരാർ പ്രാബല്യത്തിൽ വന്നത്. നികുതി ഇളവ് ലഭിക്കുന്നതോടെ ഇടപാടുകൾ വർധിച്ച് ലാഭം കൂടുകയും വില കുറയുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
കേരളത്തിൽ നിന്നുള്ള സംരംഭകർക്കും ഇത് ഏറെ ഗുണകരമാകും. ഫെബ്രുവരി 18നാണ് കരാർ ഒപ്പിട്ടത്. ചില മേഖലകളിലെ ചെറിയ നിയന്ത്രണങ്ങൾ ഒഴിച്ചാൽ സ്വതന്ത്ര്യ വ്യാപാര കരാർ തന്നെയാണ് ഇത്. ഭാവിയിൽ ഇരു രാജ്യത്തെയും നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യം വയ്‌ക്കുന്ന വിഷൻ ഡോക്യുമെന്റും ഒപ്പുവച്ചിട്ടുണ്ട്.
ആയിരത്തിലധികം ഉൽപന്നങ്ങൾ യുഎഇയിലേക്ക് കയറ്റി അയയ്‌ക്കുമ്പോഴുണ്ടാകുന്ന തീരുവകൾ കുറയ്‌ക്കാൻ ഇന്ത്യയും, ഈന്തപ്പഴവും ബന്ധപ്പെട്ട ഉത്പന്നങ്ങളും ഇന്ത്യയിലേക്ക് കയറ്റി അയ്‌ക്കുമ്പോൾ ഇളവു ലഭിക്കണമെന്ന് യുഎഇയും ആഗ്രഹിക്കുന്നുണ്ട്. കാർഷിക ഉൽപന്നങ്ങൾ, ഔഷധങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും വ്യാപാരം വർധിപ്പിക്കാനും ഉദ്ദേശിക്കുന്നു. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. അറബ് ലോകത്ത് ഇന്ത്യയുടെ വ്യാപാരത്തിന്റെ 40 ശതമാനവും യുഎഇയുമായിട്ടാണ് നടക്കുന്നത്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ കയറ്റുമതി നടത്തുന്നതും യുഎഇയിലേക്കാണ്.
Comments