ജഹാംഗീർപുരി സംഘർഷം; വാളുകൾ വിതരണം ചെയ്ത യൂനസ്, സലീം എന്നിവർ അറസ്റ്റിൽ; ആകെ പിടിയിലായത് 32 പേർ

Published by
Janam Web Desk

ന്യൂഡൽഹി: ജഹാംഗീർപുരി സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. 48കാരനായ യൂനസ് (നേരത്തെ അറസ്റ്റിലായ സലീം ചിക്‌നയുടെ സഹോദരൻ), 22കാരനായ ഷെയ്ഖ് സലീം എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഇരുവരും ജഹാംഗീർപൂരി സ്വദേശികളാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 32 ആയി. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.

ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ദിനത്തിലായിരുന്നു കേസ്‌നാസ്പദമായ സംഭവം. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിലേക്ക് മതമൗലികവാദികൾ കല്ലെറിഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കമായത്. ആക്രമണത്തിൽ പോലീസുകാരുൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളാണ് പ്രതികൾ പലരെയും കുടുക്കിയത്.

ഒടുവിൽ അറസ്റ്റിലായ യൂനസും സലീമും അക്രമികൾക്ക് വാളുകൾ വിതരണം ചെയ്യുന്നത് സിസിടിവിയിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് നടന്ന ആക്രമണത്തിന് പിന്നാലെ രണ്ട് പേരും ഒളിവിലായി. യൂനസിന്റെ പേരിൽ നേരത്തെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Share
Leave a Comment