ബംഗളൂരു : കർണാടയകയിൽ സെക്സ് റാക്കറ്റിനെ അതിസാഹസികമായി പിടികൂടി. ചിത്രദുർഗയിലെ പ്രജ്വാൽ എന്ന ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പെൺവാണിഭ സംഘത്തെയാണ് പോലീസ് പിടികൂടിയത്. സംഘത്തിന്റെ വലയിൽ അകപ്പെട്ട 12 പെൺകുട്ടികളെയും ചിത്രദുർഗ പോലീസ് രക്ഷപ്പെടുത്തി. തമിഴ്നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പെൺകുട്ടികളെയാണ് രക്ഷിച്ചത്. രണ്ട് പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണ്.
പ്രജ്വാൽ ഹോട്ടലിന്റെ രണ്ടാം നിലയിലാണ് ഇത്തരം പ്രവൃത്തികൾ അരങ്ങേറിയത്. ഹോട്ടൽ മുറിയിലെ ശുചിമുറിയിൽ രഹസ്യ അറയുണ്ടാക്കി അതിലൂടെയാണ് ഇടപാടുകാരെ പ്രവേശിപ്പിച്ചിരുന്നത്. കഷ്ടിച്ച് ഒരാൾക്ക് നുഴഞ്ഞ് കയറാൻ പാകത്തിനാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ആളുകൾക്ക് സംശയം തോന്നാതിരിക്കാൻ രഹസ്യ അറ ടൈൽസ് വെച്ചാണ് അടച്ചത്. പെൺകുട്ടികളെ മുറിക്കുളളിൽ നിന്ന് പുറത്തിറങ്ങാനും അനുവദിച്ചിരുന്നില്ല. ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ശുചിമുറിയും കിടക്കയും അടക്കം അകത്ത് തന്നെ സജ്ജീകരിച്ചിരുന്നു.
സംഭവത്തിൽ മൂന്ന് സ്ത്രീകൾ അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടൽ മാനേജരായ സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് പെൺകുട്ടികളെ ഹോട്ടലിൽ എത്തിച്ചതെന്ന് മാനേജർ പോലീസിനോട് വെളിപ്പെടുത്തി. ഒന്നര വർഷത്തോളമായി ഈ രഹസ്യകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
Comments