ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഷോഷത്തിനിടെ വ്യാപക അക്രമം നടന്ന ഡൽഹി ജഹാംഗീർപുരിയിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുന്ന വിഷയത്തിൽ രാഷ്‌ട്രീയ മുതലെടുപ്പിന് നീക്കം നടത്തി സിപിഎം. ഇതുമായി ബന്ധപ്പെട്ട് സിപിഎം സുപ്രീംകോടതിയിൽ ഹർജി നൽകി.
നേരത്തെ ഒരു സംഘടന നൽകിയ ഹർജി പരിഗണിച്ച് സുപ്രീംകോടതി പ്രദേശത്ത് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് ഒഴിപ്പിക്കൽ നിർത്തിവെച്ചത്. സംഘർഷത്തിന് പിന്നാലെ നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനാണ് അനധികൃത കടകളും നിർമാണങ്ങളും ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കാൻ തുടങ്ങിയത്. ഇതിനിടെയായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ. റോഡിനോട് ചേർന്ന നടപ്പാതകളും റോഡും കൈയ്യേറിയായിരുന്നു കടകൾ സ്ഥാപിച്ചിരുന്നത്.
കഴിഞ്ഞ ഏപ്രിൽ 16 ന് ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്കിടെ ഒരു വിഭാഗം സംഘടിച്ച് കലാപത്തിന് ശ്രമിക്കുകയായിരുന്നു. വാളുകൾ ഉൾപ്പെടെയുളള ആയുധങ്ങൾ കൈയ്യിലേന്തിയായിരുന്നു വർഗീയ കലാപത്തിന് നീക്കം നടത്തിയത്.
സിപിഐഎം ഡൽഹി സംസ്ഥാനകമ്മിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ ബുൾഡോസറുകൾ ഉപയോഗിച്ച് നടത്തുന്ന ഇടിച്ചുനിരത്തൽ മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. പാർശ്വവൽക്കൃത വിഭാഗങ്ങളെ ലക്ഷ്യമിട്ട് സംഘംവിഹാർ, കാളിന്ദികുഞ്ജ്, ഷഹീൻബാഗ് മേഖലകളിൽ ‘ഒഴിപ്പിക്കൽ’ നടക്കുന്നുവെന്നും ഹർജിയിൽ ചൂചൂണ്ടിക്കാട്ടി.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളെ ചവിട്ടിമെതിക്കുന്നതാണ് അധികൃതരുടെ ഏകപക്ഷീയ നടപടിയെന്നും സിപിഎം ഹർജിയിൽ ആരോപിക്കുന്നു. ജഹാംഗീർപുരി സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളുടെയും ജാമ്യാപേക്ഷ രോഹിണി കോടതി തളളിയിരുന്നു.















