ന്യൂഡൽഹി: കോൺഗ്രസിനെ കരകയറ്റാൻ മാന്ത്രിക വടികളൊന്നും ഇല്ലെന്നും, എല്ലാ പ്രവർത്തകരുടേയും കൂട്ടായ സ്ഥിരതയുള്ള പ്രവർത്തനം മാത്രമാണ് ഇതിന് പരിഹാരമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജസ്ഥാനിലെ ഉദയ്പൂരിൽ അടുത്ത ദിവസം ആരംഭിക്കുന്ന ശിബിരത്തിന് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് സോണിയ ഗാന്ധിയുടെ പരാമർശം.
‘ കോൺഗ്രസ് എല്ലാവർക്കും വേണ്ടി നല്ല കാര്യങ്ങൾ മാത്രം ചെയ്തു. എന്നാൽ എല്ലാവർക്കും നല്ലത് മാത്രം നൽകിയ പാർട്ടി ഇപ്പോൾ പ്രതിസന്ധിയിലാണ്. ആ കടം വീട്ടാനുള്ള സമയമാണിത്. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ മാന്ത്രിക വടികളൊന്നുമില്ല. അച്ചടക്കവും കൂട്ടായ പ്രവർത്തനവും കൊണ്ടു മാത്രമേ ഇതിന് സാധിക്കൂ. ഇനി വരുന്ന ചിന്തൻ ശിബിരം വെറുതെ ഒരു വഴിപാട് ആയി കാണരുത്. അത് സംഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കമാണ്’.
‘ ആത്മവിമർശനം പാർട്ടി വേദികളിൽ ആവശ്യമാണ്. എന്നാൽ പ്രവർത്തകരുടെ ആത്മവിശ്വാസവും മനോവീര്യവും തകർക്കുന്ന തരത്തിലാകരുത് ഇത്. അതിവേഗം കോൺഗ്രസ് പുനരുജ്ജീവിക്കണമെങ്കിൽ കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം. ഇതിന് നേതാക്കളുടെ സഹകരണം തേടണമെന്നും’ സോണിയ ഗാന്ധി പറഞ്ഞു. ഈ മാസം 13 മുതൽ 15 വരെയാണ് ചിന്തൻ ശിബിർ നടക്കുന്നത്. നാനൂറോളം പാർട്ടി നേതാക്കൾ ഇതിൽ പങ്കെടുക്കും.
Comments