തിരുവനന്തപുരം: കൊറോണ കാലത്ത് പ്രത്യക പരോളിൽ തുടർച്ചയായി ഒരു വർഷം വരെ പുറത്തായിരുന്ന 799 തടവുകാർ ഇന്ന് ജയിലുകളിൽ തിരിച്ചെത്തും. ജയിലിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുവദിച്ച സമയം ഇന്ന് തീരുന്ന സാഹചര്യത്തിലാണ് തടവുകാർ തിരിച്ചെത്തുന്നത്. തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കാണ് ഏറ്റവും കൂടുതൽ പേർ മടങ്ങിയെത്തുന്നത്. 345 പേർ. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് 181 പേരും മടങ്ങിയെത്തും.
ഒന്നാം കൊറോണ തരംഗത്തിൽ സാധാരണ പരോളിന് അർഹതയുള്ള എല്ലാവർക്കും 2020 മാർച്ച് മുതൽ സർക്കാർ പ്രത്യേക പരോൾ നൽകിയിരുന്നു. കൊറോണ രണ്ടാം തരംഗത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം നിയമിക്കപ്പെട്ട ഉന്നതാധികാര സമിതി 70 പേർക്ക് പ്രത്യേക അവധി നൽകി. 1201 ജീവപര്യന്തം തടവുകാർക്ക് സർക്കാരും അവധി നൽകി. 2021 മെയ് മാസത്തിൽ പുറത്തിറങ്ങിയ തടവുകാരിൽ 714 പേർ തിരികെ എത്തിയെങ്കിലും 487 പേർ അതിന് തയ്യാറായില്ല.
ഉന്നതാധികാരസമിതി വിട്ടവരെ തത്കാലം നിർബന്ധിച്ച് തിരിച്ച് വിളിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഈ ആനുകൂല്യം ആവശ്യപ്പെട്ട് സർക്കാർ നേരിട്ട് പുറത്ത് വിട്ട തടവുകാരും ഹർജി നൽകി. ഇതോടെ സാധാരാണ പരോളിൽ പോയവരും മടങ്ങി വരാതായി. തുടർന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടി. തുടർന്നാണ് രണ്ടാഴ്ചയ്ക്കകം തിരികെ എത്തണമെന്ന് എല്ലാ തടവുകാരോടും നിർദ്ദേശിച്ചത്.
Comments