പ്രകൃതി ഒളിപ്പിച്ച് വയ്‌ക്കുന്ന നിഗൂഢതകൾ ഏറെയാണ്. പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് നമ്മുടെ മുന്നിൽ ദൃശ്യമാകും. അത്തരത്തിൽ കാഴ്‌ച്ചക്കാരെയൊക്കെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു മരം. തെക്കൻ യൂറോപ്പിലെ 100 വർഷം പഴക്കമുള്ള ഒരു മൾബറി മരമാണ് സോഷ്യൽ മീഡിയയിൽ താരം. ഈ മരത്തിൽ നിന്നും വെള്ളം കുത്തിയൊഴുകുകയാണ്. മോണ്ടിനീർഹോയിലാണ് ഈ അത്ഭുതമരമുള്ളത്. നോക്കാം ഈ മൾബറി മരത്തിന്റെ വിശേഷങ്ങളും അതിന് പിന്നിലെ ശാസ്ത്രീയ വശങ്ങളും.
ടാപ്പ് തുറന്നു വെച്ചതുപൊലെയാണ് ഈ മരത്തിൽ നിന്നും വെള്ളം പുറത്തേക്കു വരുന്നത്. മോണ്ടിനീർഗോയുടെ തല്സ്ഥാനമായ പോഡ്‌ഗോറിക്കയിലെ ദിനോസ എന്ന ഗ്രാമത്തിലാണ് ഈ മരമുള്ളത്. ഇതാദ്യമായല്ല ഇവിടുത്തെ മൾബറി മരങ്ങൾ ഇങ്ങനെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. എല്ലാ വർഷവും സംഭവിക്കാറുള്ള ഒരു പ്രതിഭാസമാണിത്. ശൈത്യകാലത്തിന്റെ അവസാനത്തിലോ കനത്ത മഴക്കാലത്തോ മാത്രമാണ് മരത്തിന്റെ പൊത്തിൽ നിന്ന് വെള്ളം പുറത്തേയ്‌ക്ക് കുത്തിയൊഴുകുന്നത്.
തറയിൽ നിന്ന് ഏകദേശം 1.5 മീറ്റർ ഉയരത്തിലുള്ള പൊത്തിൽ നിന്നാണ് വെള്ളം ഒഴുകുന്നത്. ഈ പ്രതിഭാസത്തെ പ്രകൃതിയുടെ വരമായിട്ടാണ് അവിടുത്തുകാർ കാണുന്നത്. 20 വർഷം മുമ്പാണ് ആദ്യമായി ഈ മരത്തിൽ നിന്ന് വെള്ളം പുറത്തേക്ക് കുത്തിയൊഴുകാൻ തുടങ്ങിയത്. തുടർന്ന് എല്ലാ വർഷവും ഒരു പ്രത്യേക സീസണിൽ ഇത് സംഭവിക്കുന്നു. അതുപോലെ തന്നെ, ഈ പ്രതിഭാസം രണ്ടോ നാലോ ദിവസം മാത്രമേ നിലനിൽക്കൂ എന്നതും ഇതിനെ കൂടുതൽ കൗതുകകരമാക്കുന്നു.
പോഡ്ഗോറിക്കയിലെ ഈ ഗ്രാമത്തിൽ നിരവധി നീരുറവകളുണ്ട്. മഞ്ഞ് ഉരുകുമ്പോളോ കനത്ത മഴ ഉള്ള സമയങ്ങളിലോ ഈ അരുവികൾ കവിഞ്ഞൊഴുകുന്നു. ഇലകളില്ലാത്ത ഈ മൾബറി മരങ്ങളുടെ ചുവട്ടിലാണ് നീരുറവകളിൽ ചിലത് ഉള്ളത്. അധികം മർദ്ദം ഉണ്ടാകുമ്പോൾ മരത്തിന്റെ അടിയിൽ നിന്ന് അതിന്റെ പൊള്ളകളിലേക്ക് വെള്ളം ഉയരുന്നു. മൾബറി മരത്തിന്റെ വിടവിലൂടെ ഈ വെള്ളം പുറത്തേക്ക് കുത്തി ഒലിച്ച് പോകുന്നു. വെള്ളമൊഴുകുന്നത് കാണാൻ വിദൂരദിക്കുകളിൽ നിന്നുള്ളവരും, വിനോദസഞ്ചാരികളും മാദ്ധ്യമങ്ങളും എല്ലാ വർഷവും അവിടെ എത്തുന്നു. ഇത് ഒരു ജനപ്രിയ കേന്ദ്രമായി തീർന്നിരിക്കയാണ്.
Comments