കൊച്ചി: ഇടപ്പള്ളിയിൽ എംഡിഎംഎയുമായി പിടിയിലായ വിദ്യാർത്ഥി സംഘം പെൺകുട്ടികളെ മറയാക്കി നഗരത്തിലെ വിവിധ കോളേജുകളിൽ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പോലീസിന്റെ കണ്ടെത്തൽ. തമ്മനം സ്വദേശി നിസാം, കളമശ്ശേരി സ്വദേശി അജി സാൽ, മൂലംപിള്ളി സ്വദേശി ഐശ്വര്യ പ്രസാദ്, ആലപ്പുഴ സ്വദേശി എബിൻ മുഹമ്മദ്, ആലപ്പുഴ സ്വദേശി സച്ചിൻ ബാബു, മൂലേപ്പാടം സ്വദേശി വിഷ്ണു എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
സംഘത്തിലെ ഐശ്വര്യ എന്ന യുവതിയാണ് ഇത് നിയന്ത്രിച്ചിരുന്നത്. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനായി വൻ തോതിൽ സിന്തറ്റിക്ക് മയക്കു മരുന്നുകളും കഞ്ചാവും ആഡംബര വാഹനങ്ങളിൽ കടത്തികൊണ്ട് വരുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥി സംഘം കുടുങ്ങുന്നത്. ഇടപ്പള്ളിയിലെ ഫ്‌ലാറ്റിൽ നിന്നുമാണ് ഇവർ അറസ്റ്റിലാകുന്നത്.
യുവാക്കൾക്കിടയിൽ എം എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.ഡിയാണ് കൂടുതലായി കച്ചവടം ചെയ്തിരുന്നത്. 8.3 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സച്ചിനാണ് ബംഗളൂരുവിൽ നിന്നും മയക്കുമരുന്നുകൾ എത്തിച്ചിരുന്നത്. ക്ലാസിൽ കയറാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറികൾ വാടകയ്‌ക്കെടുത്താണ് വിൽപ്പന നടത്തിയിരുന്നത്.
ബംഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് എത്തിക്കുന്ന മയക്കുമരുന്ന് ഉയർന്ന വിലയ്‌ക്ക് വിറ്റഴിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. ലഹരി ഉപയോഗിക്കുന്നതിനായി ഇടപാടുകാർക്ക് മുറി എടുത്തു നൽകുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments