പാലക്കാട്: ജില്ലയിലെ ബിജെപി പഞ്ചായത്ത് അംഗങ്ങൾക്ക് ഇസ്ലാം മതത്തിലേക്ക് മാറണമെന്ന ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഊമ കത്തുകൾ ലഭിച്ചതായി പരാതി.
എലപ്പുള്ളി, മുണ്ടൂർ, നെന്മാറ, പറളി തുടങ്ങിയ പ്രദേശങ്ങളിലെ പഞ്ചായത്ത് അംഗങ്ങൾക്കാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തുകൾ ലഭിച്ചത്. സംഭവത്തിൽ പഞ്ചായത്ത് അംഗങ്ങൾ പോലീസിൽ പരാതി നൽകി.
എല്ലാവരും അള്ളാഹുവിന് വഴിപ്പെടുകയെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് കത്ത്. ഭൂമി സൃഷ്ടിച്ചത് അള്ളാഹുവാണ്. അവനാണ് ഏക ദൈവം. അവനല്ലാതെ മറ്റൊരു ദൈവമില്ല. ഖുർ ആൻ ഏറ്റവും ശരിയായ മാർഗ്ഗം കാണിച്ചുതരുന്നു. ബഹുദൈവ വിശ്വാസികൾക്ക് മഹാനാശം സംഭവിക്കും. വരണ്ട കളിമണ്ണ് കൊണ്ടാണ് മനുഷ്യനെ നിർമ്മിച്ചിരിക്കുന്നതെന്നും കത്തിൽ പറയുന്നു. ഖുർആൻ പഠിക്കണമെന്നും കത്തിൽ ഭീഷണിയുണ്ട്. അയച്ച വ്യക്തിയുടെ പേരോ മറ്റ് വിശദാംശങ്ങളോ കത്തിലില്ല. ഇസ്ലാമിക തീവ്രവാദ ശക്തികളാണ് സംഭവത്തിന് പിന്നിൽ എന്നാണ് നിഗമനം.
ബിജെപി അംഗങ്ങൾക്ക് മാത്രം കത്ത് നൽകിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പ്രദേശത്തെ മതസൗഹാർദ്ദം തകർക്കുകയാണ് കത്തിന് പിന്നിലെ ഉദ്ദേശ്യമെന്നാണ് നിഗമനം. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും പഞ്ചായത്ത് അംഗങ്ങൾ പരാതിയിൽ ആവശ്യപ്പെടുന്നു.
Comments