കാബൂൾ : തല മുതൽ പാദം വരെ മറയ്‌ക്കുന്ന തരത്തിൽ സ്ത്രീകൾ ബുർഖ ധരിക്കണമെന്ന് ഉത്തരവിട്ടതിന് പിന്നാലെ പുതിയ ഉത്തരവുമായി താലിബാൻ. കറുപ്പ് അല്ലാതെ മറ്റൊരു നിറത്തിലുള്ള ഹിജാബും ധരിക്കരുത് എന്നാണ് താലിബാന്റെ ഉത്തരവ്. വിവിധ നിറങ്ങളിലുള്ള ശിരോവസ്ത്രം ധരിക്കുന്നതിനും വിലക്കുണ്ട്.
കറുപ്പ് അല്ലാത്ത, വിവിധ നിറത്തിലുള്ള ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ കാബൂളിലെ സർവ്വകലാശാലയിൽ പ്രവേശിപ്പിച്ചില്ല. ഹിജാബ് ധരിച്ചെത്തിയവരെ മാറ്റി നിർത്തി, ശരീരം മുഴുവൻ കറുപ്പ് വസ്ത്രത്തിൽ മൂടിയവരെ മാത്രം സർവ്വകലാശാലയ്‌ക്ക് ഉള്ളിലേക്ക് കയറ്റിവിടുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കറുത്ത് ഹിജാബ് ധരിക്കുന്നുണ്ടെന്നും പിന്നെ എന്തിനാണ് കറുത്ത ശിരോവസ്ത്രം കൂടി ധരിക്കുന്നത് എന്നും പെൺകുട്ടികൾ ചോദിക്കുന്നുണ്ട്. കറുത്ത ശിരോവസ്ത്രം ധരിക്കുന്നത് ഈ ചൂട് കാലത്ത് അസഹ്യമാണെന്നും ഇവർ പറയുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് താലിബാൻ നിയമങ്ങൾ നടപ്പിലാക്കുന്നത്.
അഫ്ഗാനിലെ സ്ത്രീകളെ ബുർഖ ധരിക്കാൻ നിർബന്ധിക്കുന്നില്ല എന്ന് താലിബാൻ നേതാവ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ ദൃശ്യങ്ങൾ പുറത്ത് വരുന്നത്. അഫ്ഗാനിലെ ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയാണ് ഹിജാബ് നിർബന്ധമാക്കിയിട്ടില്ലെന്നും മതവസ്ത്രമായതിനാൽ സ്ത്രീകളോട് ധരിക്കാൻ നിർദ്ദേശിക്കുക മാത്രമാണ് ചെയ്തത് എന്നും പറഞ്ഞത്. അന്താരാഷ്‌ട്ര ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹഖാനിയുടെ അവകാശവാദം.
Comments