മുംബൈ: ഒടുവിൽ വിരാട് കോഹ്ലി വിശ്വരൂപം പുറത്തെടുത്തപ്പോൾ ബാംഗ്ലൂരിന് ഉജ്വല ജയം. പ്ലേഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ 8 വിക്കറ്റിന് തോൽപ്പിച്ചു. എട്ട് പന്തുകൾ അവശേഷിക്കെയാണ് വിജയം. സമീപ കാലത്ത് ഫോം നഷ്ടപ്പെട്ട കോഹ്ലി പഴയ കളി പുറത്തെടുത്തത് ആരാധകരിൽ ആവേശം ഉണർത്തി.
ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ കോഹ്ലിയും ഫാഫ് ഡൂപ്ലിസിസും ചേർന്ന് 115 റൺസെടുത്തു. കോഹ്ലി 54 പന്തിൽ നിന്ന് 73 റൺസ് എടുത്താണ് പുറത്തായത്. രണ്ട് സിക്സറും എട്ട് ബൗണ്ടറിയുമാണ് കോഹ്ലി അടിച്ചത്. കോഹ്ലിയ്ക്ക് കൂട്ടായി നിന്ന നായകൻ ഡൂപ്ലിസ്(44) ടീമിന് മികച്ച അടിത്തറയിട്ട ശേഷമാണ് പുറത്തായത്. ഗ്ലൻ മാക്സ്വെൽ അവസാന ഓവറുകളിൽ കൊടുങ്കാറ്റായപ്പോൾ വിജയം എളുപ്പമായി. മാക്സ്വെൽ 18 പന്തുകളിൽ നിന്ന് 40 റൺസ് നേടി പുറത്താകാതെ നിന്നു. അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറും ഓസീസ് താര്ത്തിന്റെ ബാറ്റിൽ നിന്നുതിർത്തു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ(62) ആണ് ഗുജറാത്ത് ഇന്നിങ്സിൽ നെടുംതൂണായി നിലയുറപ്പിച്ചത്. ഡേവിഡ് മില്ലർ(34), വൃദ്ധിമാൻ സാഹ(31),മാത്യു വെയ്ഡ്(16), റാഷിദ് ഖാൻ(19 നോട്ടൗട്ട്) എന്നിങ്ങനെയാണ് ഗുജറാത്തിലെ മറ്റ് താരങ്ങളുടെ പ്രകടനം. 18.4 ഓവറിൽ നിന്ന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടിയാണ് ബാംഗ്ലൂർ കളി അവസാനിപ്പിച്ചത്. ജയത്തോടെ 16 പോയിന്റുമായി ബാംഗ്ലൂർ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ഇതോടെ ടീം പ്ലേഓഫിനുളള സാധ്യത സജീവമാക്കി. അടുത്ത മത്സരത്തിൽ ഡൽഹി തോറ്റാൽ ബാംഗ്ലൂരിന് പ്ലേഓഫിനു യോഗ്യത നേടാം. 20 പോയിന്റുളള ഗുജറാത്താണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഗുജറാത്ത് നേരത്തെ പ്ലേഓഫിന് യോഗ്യത നേടിയിരുന്നു.
Comments