നല്ല തലവേദനയെടുക്കുമ്പോൾ ഒരു ചൂട് ചായ കിട്ടിയാൽ എങ്ങനെയിരിക്കും ? ആഹാ ആശ്വാസം അല്ലേ? വെള്ളവും തേയിലയും പഞ്ചസാരയും ഒക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്ന കട്ടൻചായയും അതിലേക്ക് ഒരൽപ്പം പാലു ചേർത്ത് നിർമ്മിയ്‌ക്കുന്ന പാൽ ചായയും സുഗന്ധദ്രവ്യങ്ങൾ ചേർത്ത് കുറച്ച് റിച്ചാക്കുന്ന സ്‌പെഷ്യൽ ചായകളും ഒക്കെ ചായപ്രേമികളുമടെ മനം കവരും. തേയിലപ്പൊടി തിളപ്പിച്ചുണ്ടാക്കുന്ന പാനീയം എന്നു പറഞ്ഞ് ചായയയെ നിസാരവത്ക്കരിക്കാമെങ്കിലും ലോകത്ത് ഏറ്റവും ജനപ്രിയമായ പാനീയങ്ങളിലൊന്നാണ് ചായ.
രണ്ടക്കത്തിൽ തുടങ്ങി അഞ്ചക്കത്തില് വരെ വില വരുന്ന തേയിലയുടെ മാഹാത്മ്യം വിവരിച്ചു തീർക്കാൻ പറ്റുന്നതല്ല. ലോകത്തിലെ ഏറ്റവും ഗുണവും രുചിയും ഒക്കെയുള്ള തേയില എന്ന വിശേഷണവുമായി ഒരു പ്രത്യേക തേയില ചരിത്രത്തിൽ തന്നെ ഇടം നേടിയത് ഈ അടുത്താണ്. ആ തേയില വിശേഷത്തിലേക്കാണ് നമ്മളിന്ന് കടക്കുന്നത്. ഉയരം കൂടും തോറും ചായയുടെ രുചിയും കൂടുമെന്ന് പറയുന്നത് വെറുതെയല്ല.
ലോകത്തിലെ തന്നെ ഏറ്റവും രുചിയേറിയ ചായയായി അറിയപ്പെടുന്നത് വടക്കു കിഴക്കന് ഇന്ത്യയിലെ തേയിലത്തോട്ടങ്ങളിൽ നിന്നും ഉല്പാദിപ്പിക്കുന്ന തേയിലയാണ്. അതിൽ പ്രാധാനം ആസാമും അരുണാചൽ പ്രദേശുമാണ്.ലോകത്തിന്റെ ചായതലസ്ഥാനം എന്നറിയപ്പെടുന്ന ആസാമിലെ ജോർഹട്ടാണ് ചായപ്രേമികൾക്കിടിൽ അറിയപ്പെടുന്നതെങ്കിലും നമ്മുടെ താരമായ വിലയേറിയ ചായ വന്നിരിക്കുന്നത് അരുണാചൽ പ്രദേശിൽ നിന്നുമാണ്. കിലോയ്‌ക്ക് നാല്പതിനായിരം രൂപയാണ് ഇവിടെ നിർമ്മിക്കുന്ന പ്രത്യേക തരം ഗോൾഡൻ നീഡിൽ ടീയ്‌ക്കുള്ളത്. ലോകത്തിലെ തന്നെ വിലകൂടിയ തേയില എന്നറിയപ്പെടുന്ന ഗോൾഡൻ നീഡിൽ ടീയ്‌ക്ക് പ്രത്യേകതകൾ ഒരുപാടുണ്ട്.
വളരെയധികം ശ്രദ്ധയോടെ പരിപാലിച്ച് വളർത്തിക്കൊണ്ടുവരുന്ന തേയില ചെടിയിൽ നിന്നും അതീവ ശ്രദ്ധയോടെയാണ് ഗോൾഡൻ നീഡിൽ ടീയ്‌ക്കു വേണ്ടുന്ന കിളുന്ത് നുള്ളിയെടുക്കുന്നത്. സാധാരണ തേയില പോയെ അല്ല ഇതുള്ളത്. സധാരണ തേയിലയിൽ നിന്നും വ്യത്യസ്തമായി വളരെ മൃദുവായതും സ്വർണ്ണനിറമുള്ള ആവരണങ്ങളോടുകൂടിയതുമായ രീതിയിലാണ് ഇതിന്റെ ഇലയുള്ളത്. വെൽവറ്റിന്റെയത്രയും മൃദുത്വം ഇതിന്റെ ഇലകൾക്കുണ്ടെന്നാണ് പറയപ്പെടുന്നത്.
ഇതുപയോഗിച്ചുണ്ടാക്കുന്ന ചായക്ക് സ്വർണ്ണ നിറമായിരിക്കുമേത്ര.അരുണാചലിലെ തേയിലയുടെ ഏറ്റവും മികച്ച രുചികേന്ദ്രങ്ങളിലൊന്നായ ഡോണിപോളോ എസ്റ്റേറ്റിലാണ് ഗോൾഡൻ നീഡിൽ ടീ ഉത്പാദിപ്പിക്കുന്നത്. ഇവിടുത്തെ പ്രത്യേകമായ ഭൂപ്രകൃതിയും പരിശീലനം ലഭിച്ച തൊഴിലാളികളും ഉണ്ടെങ്കിൽ മാത്രമേ ഇത് നിർമ്മിക്കാനാവു എന്നാണ് എസ്റ്റേറ്റ് അധികൃതർ പറയുന്നത്. എന്നാൽ വേഗമാകട്ടേ നല്ല രുചിയും ഗുണവുമൊക്കെയുള്ള ഒരു അസ്സൽ ചായ കുടിയ്‌ക്കാൻ വേഗം അങ്ങ് അരുണാചലിലേക്ക് വിട്ടോളൂ. ചായയും കുടിയ്‌ക്കാം തോയിലത്തോട്ടത്തിലൂടെ നടത്തുന്ന ടീ ട്രെയിൻ യാത്രയും നടത്താം വെബ് ഡെസ്‌ക് ജനം ടിവി ഡോട്ട് കോം.














