തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിയിൽ കൂടുതൽ ഇളവ് നൽകാൻ സംസ്ഥാനം തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് ഉൾപ്പെടെയുളളവർ നേതൃത്വം നൽകി.
പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കഴിഞ്ഞ ദിവസം കേന്ദ്രം നികുതി കുറച്ചത്. ഇതിന് പിന്നാലെ സംസ്ഥാന സർക്കാർ നാമമാത്രമായ കുറവ് മാത്രമാണ് പ്രഖ്യാപിച്ചത്. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും മാത്രമാണ് സംസ്ഥാന സർക്കാർ കുറച്ചത്. കൂടുതൽ ഇളവ് നൽകി ജനങ്ങൾക്ക് ആശ്വാസം നൽകാനും വിലക്കയറ്റം ഒഴിവാക്കാനും സംസ്ഥാനം നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കൂടുതൽ നികുതി കുറയ്‌ക്കുന്ന കാര്യം ആലോചനയിൽ ഇല്ലെന്ന നിലപാടിലാണ് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറയ്‌ക്കുമ്പോൾ കുറയ്‌ക്കേണ്ട കാര്യമില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.
കഴിഞ്ഞ തവണ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചപ്പോൾ ഒരു രൂപ പോലും കുറയ്‌ക്കാൻ സംസ്ഥാനം തയ്യാറായിരുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.
Comments