തിരുവനന്തപുരം: തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്യാൻ ഫോർട്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് കോടതി നിർദേശം നൽകി.
തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. തുടർന്ന് ഫോർട്ട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പി.സി ജോർജ്ജിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നും ജോർജ്ജിനെ അറസ്റ്റ് ചെയ്തു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പി.സി ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷനും പോലീസും കോടതിയെ സമീപിച്ചത്.
തുടർന്ന് പിസി ജോർജ്ജിന്റെ പേരിൽ രജിസ്റ്റർ ചെയ്ത വെണ്ണല വിദ്വേഷ പ്രസംഗക്കേസും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രസംഗത്തിന്റെ സിഡിയും കോടതിക്ക് കൈമാറിയിരുന്നു. ഇതിനിടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്ന് പി.സി ജോർജ്ജ് വാദിച്ചു. ഒടുവിൽ സിഡിയും വാദങ്ങളും പരിശോധിച്ച കോടതി ജോർജ്ജിന് ജാമ്യം റദ്ദാക്കുകയായിരുന്നു. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നിൽ പിഡിപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
Comments